കോഴിക്കോട്: നരേന്ദ്ര മോദിയേയും ആർഎസ്എസിനേയും താൻ ഭയക്കുന്നില്ലെന്നും അതിനാൽ അവർക്കെതിരെ പറയുന്നത് അവസാനിപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സത്യത്തെ പൂർണ്ണമായും വിശ്വസിക്കുന്നതിനാൽ മോദിയുടെ ഫാസിസത്തെ ഭയക്കുന്നില്ല. റബർ കൃഷിക്കാർ ഉൾപ്പടെയുടെ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നും കേരള സർക്കാർ കർഷകരുടെ പ്രശ്നങ്ങളിൽ അടിയന്തര സഹായം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ കർഷകരുടെ പ്രയാസങ്ങൾ അവതരിപ്പിക്കുമെന്നും രാഹുൽ ഗാന്ധി കോഴിക്കോട് മുക്കത്ത് യുഡിഎഫ് പൊതുസമ്മേളനത്തിൽ പറഞ്ഞു.
വിയോജിപ്പ് വിദ്വേഷത്തിന്‍റെയും പകയുടേയും ഭാഗമായി കാണരുതെന്നു പറഞ്ഞ രാഹുൽ ഗാന്ധി, മറ്റുള്ളവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ അനുവദിക്കണമെന്നും രാജ്യത്തെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ജനാധിപത്യം എന്നത് ഭയപ്പെടുത്തുക, അക്രമിക്കുക എന്നതല്ല. അതായിരുന്നു ഭാരത് ജോഡോ യാത്രയുടെ സന്ദേശം. ഇത് രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തതാണ്. രാജ്യത്തെ ജനാധിപത്യം, ജുഡീഷ്യറി, പാർലമെന്‍റ്, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം അക്രമത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ എത്ര കേസെടുത്താലും ഭയപ്പെടുത്താൻ ശ്രമിച്ചാലും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി 140 കോടി ഇന്ത്യക്കാരിൽ ഒരു പൗരൻ മാത്രമാണെന്നും മോദിക്കെതിരെയും ആർഎസ്എസിനെതിരെയും പറയുന്നത് താൻ നിർത്തില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ സത്യത്തെ പൂർണ്ണമായും വിശ്വസിക്കുന്നതിനാൽ ആരെയും ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർ നാടിന്‍റെ നട്ടെല്ലാണ്. കേരളത്തിലെ റബർ ഉൾപ്പടെയുള്ള കർഷകർ വലിയ പ്രതിസന്ധി നേരിടുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിന് കർഷകർ നിരന്തരം ഇരകളാകുന്നുണ്ട്. കർഷകരെ സഹായിക്കേണ്ടവർ ഒന്നും ചെയ്യുന്നില്ലെന്നും കേരള സർക്കാർ കർഷകരുടെ പ്രശ്നങ്ങളിൽ അടിയന്തര സഹായം ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ലോക്സഭയിലും യിലും പുറത്തും കർഷകരുടെ വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ആറു വീടുകളുടെ താക്കോൽ ഉടമകൾക്ക് രാഹുൽ ഗാന്ധി ചടങ്ങിൽ കൈമാറി. കൈത്താങ്ങ് ഭവന നിർമ്മാണത്തിൽ തനിക്ക് ഒരു ദിവസം മുഴുവൻ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി സിദ്ദിഖ്, കോഴിക്കോട് മലപ്പുറം ഡിസിസി അധ്യക്ഷൻ മാരായ അഡ്വ. പ്രവീൺകുമാർ, വി.എസ് ജോയ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.