കർഷകർക്ക് ഐക്യദാർഢ്യം ; ഡല്‍ഹിയില്‍ പ്രതിഷേധ കടലായി കോണ്‍ഗ്രസ് മാർച്ച് , അണിനിരന്ന് ആയിരങ്ങള്‍ | VIDEO

Jaihind News Bureau
Friday, January 15, 2021

 

ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിൽ നടന്ന മാർച്ചിന് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി. ലഫ്റ്റനന്‍റ് ഗവർണറുടെ വസതിക്ക് മുന്നിൽ നടന്ന മാർച്ചിനിടെ  പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും നിരവധി പേർക്ക് പരിക്കേറ്റു.

കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷകർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കോണ്‍ഗ്രസ്  പ്രതിഷേധം. നരേന്ദ്രമോദി കർഷകരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.  കേന്ദ്രസർക്കാർ വീണ്ടും കർഷകരെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ ഭൂമി കവർന്നെടുക്കാനാണ്  സർക്കാർ ശ്രമിക്കുന്നത്. അതിനെ ചെറുക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മാർച്ച്‌ ലഫ്റ്റനന്‍റ് ഗവർണറുടെ വസതിക്ക് മുന്നിൽ  തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഉന്തിനും തള്ളിനുമിടെ യൂത്ത് കോൺഗ്രസ്‌ ദേശിയ അധ്യക്ഷൻ ബി. വി ശ്രീനിവാസിനും കോൺഗ്രസ്‌ നേതാവ് അൽക്കാ ലാംബക്കും പരുക്കേറ്റു. ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.