”പ്രധാനമന്ത്രിക്ക് ഇന്ന് ലോക്സഭയിൽ വരാൻ ധൈര്യമുണ്ടാകില്ല”; ലഡാക്ക് വിഷയത്തിൽ നരവനെയുടെ പുസ്തകവുമായി രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, February 4, 2026

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അടങ്ങിയ മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകം ഉയർത്തി പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ വരാൻ ധൈര്യപ്പെടുമെന്ന് താൻ കരുതുന്നില്ലെന്നും, അദ്ദേഹം വന്നാൽ നേരിട്ട് ചെന്ന് ഈ പുസ്തകം കൈമാറുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്കിലെ യഥാർത്ഥ സാഹചര്യം വിവരിക്കുന്ന ഈ പുസ്തകം ഇന്ത്യയിലെ ഓരോ യുവാക്കളും കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയിൽ ഉദ്ധരിക്കാൻ അനുവാദമില്ലെന്ന് സ്പീക്കർ അറിയിച്ച പുസ്തകത്തിലെ നിർണ്ണായക ഭാഗങ്ങൾ രാഹുൽ മാധ്യമങ്ങളോട് പങ്കുവെച്ചു. ചൈനീസ് ടാങ്കുകൾ കൈലാസ പർവതനിരകളിൽ എത്തിയ വിവരം ജനറൽ നരവാനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിളിച്ചറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ലെന്ന് രാഹുൽ ആരോപിച്ചു. വിദേശകാര്യ മന്ത്രി ജയശങ്കർ, എൻ.എസ്.എ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) എന്നിവരോട് ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും, ഒടുവിൽ ‘ഉന്നതനോട്’ (പ്രധാനമന്ത്രിയോട്) ചോദിച്ചിട്ട് പറയാമെന്നാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചതെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്രയും ഗൗരവകരമായ വിഷയത്തിൽ ഉന്നതതലത്തിൽ തീരുമാനങ്ങൾ വൈകിയതും കൃത്യമായ മറുപടി നൽകാതിരുന്നതും ഗൗരവകരമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പുസ്തകത്തിലെ വസ്തുതകൾ തമസ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, സത്യം ജനങ്ങൾ അറിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.