രാഹുല്‍ ഗാന്ധി വയനാടിനെ ചേര്‍ത്തുപിടിച്ചിട്ട്‌ ഒരു വര്‍ഷം; മണ്ഡലത്തിന് സമ്മാനിച്ചത് സ്വപ്നതുല്യമായ വികസനത്തിനൊപ്പം സ്‌നേഹവും കരുതലും

 

കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ ഗാന്ധിയെന്ന സ്‌നേഹസ്പര്‍ശം വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ  ജനപ്രതിനിധിയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ  വയനാടിന്‍റെ  വികസനപ്രവര്‍ത്തനങ്ങള്‍ക്കായും ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നപോയപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ രാഹുല്‍ വയനാട് അടക്കമുള്ള മണ്ഡലത്തിലെ ജനങ്ങള്‍ക്കായി നല്‍കിയത് നിരവധി സഹായങ്ങളാണ്.

രാഹുല്‍ ഗാന്ധി എം പിയായതിന് ശേഷം വയനാട് അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങള്‍ പ്രളയവും, കൊവിഡുമായിരുന്നു.  ഈ രണ്ട് ഘട്ടങ്ങളിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വയനാട്ടുകാര്‍ക്ക് ആശ്വാസമേകി.  കഴിഞ്ഞ പ്രളയകാലത്ത് 20,000 ഭക്ഷ്യധാന്യകിറ്റുകളും, 20,000 പേര്‍ക്കുള്ള ക്ലീനിംഗ് കിറ്റുകളുമായിരുന്നു രാഹുല്‍ നല്‍കിയത്. പ്രളയത്തില്‍ ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ മേപ്പാടിയിലെ സനലിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും എം പി നല്‍കി.

ലോകവും രാജ്യവും സംസ്ഥാനവും ഒരുപോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയപ്പോള്‍ സഹായവുമായി അപ്പോഴും രാഹുല്‍ ഗാന്ധി മുന്നിലുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെത്തിച്ച് നല്‍കിയത് 20,000 മാസ്‌കുകള്‍, 1000 ലിറ്റര്‍ സാനിറ്റൈസര്‍, 50 തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവയായിരുന്നു. തുടര്‍ന്ന് വയനാട്ടിലെയും മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലെയും കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായി 28000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി. കൊവിഡ് മൂലം അവശ്യമരുന്നുകളില്ലാതെ ദുരിതത്തിലായ മണ്ഡലത്തിലെ കിഡ്‌നി, കരള്‍രോഗികള്‍ക്കും രാഹുലിന്റെ സഹായമെത്തി. 1300-ലധികം കിഡ്‌നി, കരള്‍ രോഗികള്‍ക്കായി ഡയാലിസിസ് കിറ്റുകള്‍, ഒരു മാസത്തെ മരുന്ന് എന്നിവയാണ് രാഹുലിലൂടെ മണ്ഡലത്തിലെത്തിയത്.

ഏറ്റവുമൊടുവില്‍ ജില്ലയില്‍ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ സുരക്ഷയ്ക്കായി ഏഴ് ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന 500 പി പി ഇ കിറ്റുകളും ജില്ലയിലെത്തി കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ ജില്ലയിലെ പൊലീസ് സേനക്ക് കൈമാറും. ഒരു വര്‍ഷത്തിനിടെ 4.60 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രാദേശിക വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിനായി രാഹുല്‍ ഗാന്ധി നീക്കിവെച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിക്കായി ഒരു കോടി രൂപ അനുവദിച്ചു. ജില്ലാ ആശുപത്രിയില്‍ 26.5 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് ആര്‍ത്രോസ്‌കോപിക് മെഷീനും സജ്ജമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു.

കൂടാതെ നൂല്‍പ്പുഴ, മീനങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കായി വാഹനവും എം പിയില്‍ നിന്നും ലഭിച്ചു. മഹാരാഷ്ട്രയിലെ രാജ്യസഭാ എം പിയായ കുമാര്‍ കേത്കര്‍ വഴി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം രൂപ അനുവദിക്കാനും രാഹുല്‍ ഗാന്ധിയിലൂടെ സാധിച്ചു. വികസനത്തോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അത് പ്രാവര്‍ത്തികമാക്കുന്നതിനായി സ്വന്തം നിലയിലായിരുന്നു പലപ്പോഴും രാഹുല്‍ ഗാന്ധി ആവശ്യമായ തുക കണ്ടെത്തിയതെന്നാണ് ഈ ജനപ്രതിനിധിയുടെ ഏറ്റവും വലിയ പ്രത്യേകത.

കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ വയനാട്ടുകാരടക്കമുള്ള നിരവധി പേരെ സ്വന്തം ചിലവിലും, ഇടപെടല്‍ നടത്തിയും നാട്ടിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. വിദേശത്തുള്ളവരെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു വര്‍ഷം പോയ്മറയുമ്പോള്‍ വയനാടിന് രാഹുല്‍ സമ്മാനിച്ചത് സ്വപ്നതുല്യമായ വികസനവും, സ്‌നേഹവും, കരുതലും, സാന്ത്വനവുമായിരുന്നു.

Comments (0)
Add Comment