ദേശീയ നേതാക്കളെ തടവിലാക്കി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം : രാഹുൽ ഗാന്ധി

പൊതുസുരക്ഷാ നിയമ പ്രകാരം തടവിലാക്കിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. ദേശീയ നേതാക്കളെ തടവിലാക്കി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

കശ്മീരിൽ ഫാറൂഖ് അബ്ദുല്ലയെ പോലുള്ള ദേശീയ നേതാക്കളുടെ അഭാവത്തിൽ, രാഷ്ട്രീയ ശൂന്യത മുതലെടുക്കുക ഭീകരരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ മുഴുവനും വർഗീയമായി ധ്രുവീകരിക്കാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീരിനെ ഉപയോഗിക്കാൻ ചിലർക്ക് സാധിക്കുമെന്നും രാഹുൽ ആരോപിച്ചു. കശ്മീരിൽ ഭീകരവാദികൾക്ക് ഇടം നൽകുന്ന തരത്തിലുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവൻ മുഖ്യധാരാ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും ലോക്‌സഭാ അംഗവും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്കുമേൽ പൊതുസുരക്ഷാ നിയമം ചുമത്തി തടവിലാക്കിയത്. ഫാറൂഖ് അബ്ദുല്ലയുടെ ശ്രീനഗർ ഗുപ്കർ റോഡിലെ വസതി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ആം അനുഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ അടക്കമുള്ള നേതാക്കളെ നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.

rahul gandhi
Comments (0)
Add Comment