രാഹുൽ ഗാന്ധിയുടെ ഉറപ്പു പാലിക്കപ്പെട്ടു. കവളപ്പാറ ദുരന്തത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പടെ ഒരു കുടുംബത്തിലെ അഞ്ചു പേർ നഷ്ടപ്പെട്ട് അനാഥരായ കാവ്യയ്ക്കും കാർത്തികയ്ക്കും കോൺഗ്രസ് വീട് നിർമിച്ചു നൽകി. വീടിന്‍റെ താക്കോൽ മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി നേരിട്ട് കൈമാറി.
2019 ലെ പ്രളയത്തിലാണ് നിലമ്പൂരിലെ കവളപ്പാറ എന്ന പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാവുന്നത്. ദുരന്തത്തിൽ കവളപ്പാറയിലെ സഹോദരങ്ങളായ കാവ്യ, കാർത്തിക എന്നിവരുടെ അമ്മയും, സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ചു പേർ മണ്ണിനടിയിലായി. ഒപ്പം കിടപ്പാടവും. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നതിനാൽ കാവ്യയും കാർത്തികയും അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. നേരത്തെ തന്നെ പിതാവ് മരണപെട്ട ഇരുവരും എങ്ങോട്ടു പോകണമെന്നറിയാതെ ബന്ധു വീട്ടിൽ അഭയം തേടുകയായിരുന്നു.
കവളപ്പാറ സന്ദർശിക്കണത്തിയ രാഹുൽ ഗാന്ധി ഇരുവരെയും നേരിട്ട് കണ്ടു. ഒറ്റപെട്ടു പോയ കുട്ടികൾക്ക് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മാസങ്ങൾ പിന്നിടുമ്പോൾ ആ ഉറപ്പ് പാലിക്കപ്പെടുകയും സ്വപ്നമായിരുന്ന വീട് സ്വന്തമാവുകയും ചെയ്തു. ഏറെ ദുരിതങ്ങൾക്കിടയിൽ പുതിയ പ്രകാശമായി വീടിന്‍റെ താക്കോൽ ഇരുവരും ചേർന്നു നിറഞ്ഞ മനസോടെ ഏറ്റുവാങ്ങി.