ധാർഷ്ട്യത്തിൻ്റെ നിയന്ത്രണരേഖകളില്ല, സ്നേഹത്തിൻ്റെ ചേർത്തണയ്ക്കൽ മാത്രം ; രാഹുലിനെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍

Jaihind News Bureau
Thursday, February 18, 2021

രാഹുല്‍ ഗാന്ധിയുടെ സാമീപ്യം എപ്പോഴും ആഘോഷ തുല്യമാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയിലെത്തിയ രാഹുല്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയുണ്ടായി. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും അവരോട് വളരെ കൂളായി സംവദിക്കുകയും ചെയ്യുന്ന  ദൃശ്യങ്ങളാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

രാഹുലിന്‍റെ അടുത്ത് നിന്നും ഓട്ടോഗ്രാഫ് വാങ്ങിയ വിദ്യാർഥിനി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. രാഹുൽ ഗാന്ധി കയ്യിൽ പിടിച്ച് വേദിയിൽ മുട്ടുകുത്തി ഇരുന്ന് പെൺകുട്ടിയെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. അപ്പോള്‍ കണ്ണുനിറയുന്നുമുണ്ട് കുട്ടിക്ക്. സദസിലെ മറ്റ് കുട്ടികളെല്ലാം ഇതുകണ്ട് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. കവിളിൽ തലോടിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചുമാണ് രാഹുൽ  വിദ്യാർഥിനിയെ സന്തോഷിപ്പിച്ചത്.

വിദ്യാർഥിനികളുടെ ഭാഗത്ത് നിന്ന് നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘നിങ്ങളുടെ പിതാവ് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. അവരോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?’, എന്നായിരുന്നു വിദ്യാര്‍ഥികളിലൊരാളുടെ ചോദ്യം.‘എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. അതെ എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടു. തീര്‍ച്ചയായും അത് വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. പക്ഷെ ഞാന്‍ എല്ലാം ക്ഷമിച്ചു’, രാഹുല്‍ ഗാന്ധി പറഞ്ഞു.

പുരുഷാധിപത്യത്തോട് തനിക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്നും രാഹുല്‍ ഗാന്ധി. ‘നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, രാഹുല്‍ പെണ്‍കുട്ടികളോട് പറഞ്ഞു. പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ നേരിടാന്‍ ഭയക്കുന്ന ഭരണാധികാരികള്‍ക്ക് വലിയ മാതൃകയാണ് രാഹുല്‍ ഗാന്ധിയെന്ന് സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുന്നു.  സ്നേഹവും, ലാളിത്യവും കൈമുതലാക്കിയ ഈ നേതാവ് ഇന്നിന്റെ അപൂർവതയും അനിവാര്യതയുമാണെന്നും നിരവധി പേർ കുറിച്ചു.