ഐഎന്‍ടിയുസി പ്ലാറ്റിനം ജൂബിലി നിറവില്‍; ആഘോഷപരിപാടികള്‍ നാളെ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Monday, May 2, 2022

 

തിരുവനന്തപുരം : ഐഎന്‍ടിയുസിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ കരുണാകരൻ സ്മാരക ഐഎൻടിയുസി മന്ദിരത്തിന്‍റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും. നാളെ കോവളം ഉദയ സമുദ്ര ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു.

നാളെ രാവിലെ 11 മണിക്ക് രാഹുൽ ഗാന്ധിയാണ് ഐഎൻടിയുസി സ്ഥാപക പ്രസിഡന്‍റ് കെ കരുണാകരന്‍റെ നാമധേയത്തിൽ പണികഴിപ്പിച്ച കെ കരുണാകരൻ സ്മാരക ഐഎൻടിയുസി മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. തുടർന്ന് കോവളം ഉദയസമുദ്ര ഹോട്ടലിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ 15,000 പ്രവർത്തകർ അണിചേരും. തൊഴിലാളികൾ ഏറെ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ നടത്തപ്പെടുന്ന ദേശീയ സമ്മേളനം ഏറെ പ്രാധാന്യമുള്ളതാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎൻടിയുസി അഖിലേന്ത്യ പ്രസിഡന്‍റ് ജി സഞ്ജീവ റെഡ്ഡി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ എംപി തുടങ്ങി കോൺഗ്രസ്-ഐഎൻടിയുസി ദേശീയ, സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.