ഭൂമിക്കും വീടിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകും ; ആദിവാസി സമൂഹത്തിന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

Jaihind News Bureau
Tuesday, February 23, 2021

 

മലപ്പുറം : ആദിവാസി സമൂഹത്തിന്  ഭൂമിക്കും വീടിനും വേണ്ടി പോരാളിയായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രളയം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും ആദിവാസികള്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് വേദനാജനകമാണ്. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും  രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. നിലമ്പൂര്‍ ചന്തക്കുന്നില്‍ ആദിവാസി അവകാശ സംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ പൗരാണിക അറിവുകളുടെയും സംസ്‌കാരത്തിന്‍റെയും  ഉടമകളാണ് ആദിവാസി സമൂഹം. വനത്തില്‍ ആദിവാസി സമൂഹത്തിന്‍റെ അവകാശം ഉറപ്പുനല്‍കുകയും അവര്‍ക്ക് താമസിക്കാനും കൃഷിക്കും സ്ഥലം ലഭ്യമാക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതുമായിരുന്നു യു.പി.എ സര്‍ക്കാര്‍കൊണ്ടുവന്ന വനാവകാശ നിയമം. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ആദിവാസി സമൂഹത്തിന്‍റെ പങ്കാളിത്തം ഇല്ലാത്തതാണ് വനാവകാശ നിയമം അട്ടിമറിക്കാന്‍ ഇടയാക്കിയത്.

കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദിവാസി സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തി വനാവകാശ നിയമം നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പോരാളിയായി ആദിവാസി സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളിലൊരാളായി താനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.