ജാര്‍ഖണ്ഡ്: ധന്‍ബാദിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കീര്‍ത്തി ആസാദിനുവേണ്ടിയായിരുന്നു രാഹുല്‍ ഗാന്ധി ഇവിടെ പ്രചാരണത്തിനെത്തിയത്. കനത്ത ചൂടിനെയും വകവെക്കാതെ ആയിരങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷനെ കാണാനും കേള്‍ക്കാനുമായി തടിച്ചുകൂടിയത്. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ധന്‍ബാദില്‍ റോഡ് ഷോ നടത്തിയതെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.
മത്കുരിയ ചെക്ക്പോസ്റ്റിനും ബിര്‍സ മുണ്ട പാര്‍ക്കിനും ഇടയിലുള്ള ഒന്നര കിലോ മീറ്റര്‍ ദൂരത്തിലായിരുന്നു രാഹുല്‍ ഗാന്ധി നയിച്ച റോഡ് ഷോ. വൈകിട്ട് 3.50നാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂന്ന് മണിക്ക് മുമ്പേ തന്നെ ജനക്കൂട്ടം രാഹുല്‍ ഗാന്ധിക്കായി കാത്തുനില്‍പ് ആരംഭിച്ചിരുന്നു.
ധന്‍ബാദ് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കീര്‍ത്തി ആസാദിനും ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജോയ് കുമാറിനുമൊപ്പം തുറന്ന വാഹനത്തില്‍ രാഹുല്‍ എത്തിയതോടെ കാത്തുനിന്നവരുടെ ആവേശം അണപൊട്ടി. എല്ലാവരെയും കൈവീശിക്കാണിച്ചും അഭിവാദ്യം ചെയ്തും നീങ്ങിയ രാഹുല്‍ ഗാന്ധിക്കടുത്തേക്ക് ബാരിക്കേഡ് മറികടന്നും എത്താന്‍ ചിലര്‍ ശ്രമിച്ചു.
കീര്‍ത്തി ആസാദാണ് ധന്‍ബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി വിമതനായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ധന്‍ബാദ് റോഡ് ഷോ വന്‍വിജയമായിരുന്നുവെന്ന് ധന്‍ബാദ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കായി എത്തിച്ചേര്‍ന്നത്. മേയ് 12നാണ് ഇവിടെ വോട്ടെടുപ്പ്.