രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ തുണയായി; പഞ്ചാബില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക്| VIDEO

Jaihind News Bureau
Sunday, May 17, 2020

ലോക്ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുര്‍ന്ന് നാട്ടിലേക്ക് യാത്രതിരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലുള്‍പ്പെട്ട 31 വിദ്യാര്‍ത്ഥികള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്രക്കായി വഴിയൊരുങ്ങിയത്.

ഭക്ഷണമുള്‍പ്പടെ ലഭിക്കാതെ ദുരിതത്തിലായിരുന്ന സംഘം പി.കെ ജയലക്ഷ്മി വഴി രാഹുല്‍ ഗാന്ധിയുടെ പി.എയെ ബന്ധപ്പെടുകയും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചതോടെ യാത്രക്ക് വഴിയൊരുങ്ങുകയായിരുന്നു. ആവശ്യമായ എല്ലാ സൗകര്യങ്ങളും രാഹുല്‍ ഗാന്ധി ഇടപെട്ട് ലഭ്യമാക്കിയെന്നും വിദ്യാര്‍ത്ഥികളിലൊരാളായ കൊട്ടാരക്കര സ്വദേശി ബിസ്മിയും സുഹൃത്തുക്കളും  പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം പഞ്ചാബിലെ ബതിന്‍ഡയില്‍ നിന്നാണ് ബസ് സൗകര്യം ഒരുക്കിയത്. തിരുവനന്തപുരം വരെ ബസ് ഉണ്ടാകുമെന്ന ഉറപ്പും രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഭക്ഷണവും അവശ്യവസ്തുക്കളും ബസില്‍ ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അലക്‌സ്. പി.സുനിലാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.