ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർദ്ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

Jaihind Webdesk
Tuesday, September 3, 2024

 

കല്‍പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ പ്രദേശം കൃഷിഭൂമി കൃഷിയോഗ്യമല്ലാതെയും ആയിട്ടുണ്ട്‌. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിർന്നവർക്ക് മുന്നൂറ് രൂപ എന്ന തുക വർദ്ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാൻ സർക്കാർ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം. ദുരന്തത്തിന് ശേഷം താനും സഹോദരി പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരന്ത ബാധിതർക്കുമുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും രാഹുല്‍ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ദുരന്തത്തിന് ശേഷവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സർക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.