രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, July 18, 2022

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വോട്ട് ചെയ്യുന്ന ചിത്രവും രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഇല്ലെന്നും വോട്ട് ചെയ്തേക്കില്ലെന്നുമുള്ള പ്രചാരണങ്ങള്‍ സജീവമായിരുന്നു. ഇത്തരത്തില്‍ മാധ്യമവാർത്തകളും വന്നിരുന്നു. ഇതിനിടെയാണ് വോട്ട് ചെയ്യുന്ന ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വൈകിട്ട് 5 മണിയോടെ പൂർത്തിയായി. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്‍റിൽ 63-ാം നമ്പർ മുറിയായിരുന്നു പോളിംഗ് ബൂത്ത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്.

എംപിമാരും എംഎല്‍എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വെക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

എംപിമാർക്ക് പച്ചയും എംഎൽഎമാർക്ക് പിങ്കും നിറത്തിലുമുള്ള ബാലറ്റുകളാണ് വോട്ട് ചെയ്യാൻ ലഭിച്ചത് . വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകൽപന ചെയ്ത പേനയാണ് വോട്ട് ചെയ്യാൻ നൽകിയത്. 21 നാണ് വോട്ടെണ്ണല്‍. 15-ാമത് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25ന് നടക്കും.