ചെന്നൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷമെന്ന് ഇന്ത്യാ ടുഡൈ സര്‍വ്വേ. തമിഴ്‌നാട് ജനതക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. നരേന്ദ്രമോദിയെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുല്‍ഗാന്ധിയുടെ മുന്നേറ്റം. മൂന്ന് മാസം മുമ്പ് നടന്ന സര്‍വ്വേയിലും രാഹുലിനായിരുന്നു പിന്തുണ.
കഴിഞ്ഞ സര്‍വ്വേയെക്കാള്‍ മൂന്ന് ശതമാനം പേര്‍ കൂടുതലായി ഇത്തവണ രാഹുലിനെ പിന്തുണച്ചു. തമിഴ്‌നാട്ടില്‍ ജനപ്രീതിയുള്ള നേതാവായി മുന്നില്‍ നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് സ്റ്റാലിനാണ്. 43 ശതമാനം ആളുകള്‍ സാറ്റാലിനെ പിന്തുണയ്ക്കുന്നുണ്ട്. രണ്ടാം സ്ഥാനത്ത് കമല്‍ഹാസനാണ്. 10ശതമാനം പേര്‍ കമല്‍ഹാസനെ പിന്തുണക്കുന്നു.
തമിഴ്നാട്ടിലെ ഭരണത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അസംതൃ്പതി രേഖപ്പെടുത്തി. 17 ശതമാനം പേര്‍ സംതൃ്പതി രേഖപ്പെടുത്തിയപ്പോള്‍ 17 ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ അസംതൃപ്തി രേഖപ്പെടുത്തി. 24 ശതമാനം പേര്‍ മാത്രമാണ് മോഡി സര്‍ക്കാരിനെ പിന്തുണച്ചത്. 17 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന് അഭിപ്രായപ്പെടുന്നു.