സാന്ത്വനമായി രാഹുലും പ്രിയങ്കയും; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും

Thursday, August 1, 2024

 

കണ്ണൂർ: ലോക സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനായി കണ്ണൂരിൽ വിമാനമിറങ്ങി കൽപറ്റയിലേക്ക് യാത്ര തിരിച്ചു. റോഡ് മാർഗമാണ് യാത്ര തിരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്. രാവിലെ 9.30 ന് പ്രത്യേക വിമാനത്തിലാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തിയത്.

ഉച്ചയോടെ ഇരു നേതാക്കളും മേപ്പാടിയിൽ എത്തിച്ചേരും. തുടർന്ന് മേപ്പാടി ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. സെൻറ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പും സന്ദർശിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ് എന്നിവർ ഇരുനേതാക്കളെയും അനുഗമിക്കുന്നുണ്ട്.