ദുബൈ: ജനസാഗരത്തെ അഭിമുഖീകരിച്ച് രാഹുല്‍ഗാന്ധി. ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് രാഹുല്‍ഗാന്ധിയെ കാണാനും ശ്രവിക്കാനും ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. ദുബൈ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തിനാണ് കോണ്‍ഗ്രസിന്റെ സംഗമം വേദിയായത്. ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി തൊഴില്ലായ്മയാണെന്നും. ജെ.എസ്.ടിയും നോട്ടുനിരോധനവും കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നുവെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ പോകുന്നു. കര്‍ഷകരുടെ നല്ല ഭാവിയെ മുന്നില്‍കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. രണ്ടാം ഹരിതവിപ്ലവത്തിന് രാജ്യം ഒരുങ്ങേണ്ടിയിരിക്കുന്നു. 2019 തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പത്രികാ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ലോകത്താകമാനമുള്ള ഇന്ത്യക്കാരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ചായിരിക്കും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രിക നിര്‍മ്മാണം. യുവാക്കളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായിരിക്കും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രിക. പ്രവാസി സമൂഹവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം പുരോഗമിക്കുകയാണ്. അവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയാണ്. പ്രവാസികളുടെ ശബ്ദം ഇന്ത്യയില്‍ പ്രതിധ്വനിക്കുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പ് നല്കി.
അവസാന അഞ്ചുവര്‍ഷം ഒരു ഇന്ത്യക്കാരന് എന്ന നിലയില്‍ ഞാന്‍ ദുഖിതനാണ്. സഹിഷ്ണുതയാണ് ഇന്ന് രാജ്യത്ത് നഷ്ടമായിരി്കകുന്നത്. മനുഷ്യത്വമില്ലാതെ സഹിഷ്ണുതയുണ്ടാകില്ല. ഒരു ആശയം മാത്രം ശരിയാണ് മറ്റുള്ളതൊക്കെ തെറ്റാണെന്ന ധാരണയോടെ രാജ്യത്തെ ഭരിക്കാന്‍ കഴിയില്ല. എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയകാരണങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും വിഭജിക്കപ്പെട്ടിരിക്കുകയാണ്. വിവിധ മതങ്ങള്‍, ജാതികള്‍, പാവപ്പെട്ടവനും പണക്കാരനും തമ്മില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരുമയോടെ ഇന്ത്യയെ കെട്ടിപ്പെടുക്കണം. ഇന്ത്യയെ വിഭാഗീയതയിലൂടെ മുന്നോട്ട് നയിക്കാനാകില്ല.
പ്രവാസികളില്‍ നിന്ന് രാജ്യം പലതും പഠിച്ചു. നഗരവത്കരണവും, മികച്ച ഗതാഗത സമ്പ്രദായത്തെക്കുറിച്ചും പ്രവാസികളില്‍ നിന്നാണ് രാജ്യം പഠിച്ചത്.
ബി.ജെ.പി മുക്തഭാരതമല്ല ഞങ്ങളുടെ ലക്ഷ്യം. ഒന്നിച്ചുള്ള രാജ്യമാണ് വേണ്ടത്. ആദ്യം ഞാനൊരു ഇന്ത്യക്കാരനാണ്. അതിനുശേഷം മാത്രമേ ബാക്കിയെന്തുമുള്ളൂ. എന്റെ കണ്ണുകള്‍, ഹൃദയം, കാതുകള്‍ നിങ്ങള്‍ക്കുവേണ്ടി തുറന്നിരിക്കുന്നു. നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയെന്ന ആശയം കേവലം ഭൂമിശാസ്ത്രപരമായ അതിരുകളല്ല. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലുള്ള ആശയമാണത്. ലോകത്തെ സൂപ്പര്‍ പവറായ അമേരിക്കയെ വെല്ലുവിളിക്കാന്‍ രണ്ടുരാജ്യങ്ങള്ക്കേ ആകൂവെന്ന് പ്രസിഡന്റ് ട്രംപും ഒബാമയും പറഞ്ഞിട്ടുണ്ട്. അത് ഇന്ത്യയും ചൈനയുമാണ്. ആ പുരോഗതി നാം കൈവരിക്കണം. ഇന്ത്യയുടെ ഭാവിയെന്നത് പ്രവാസികളുടെ ഭാവിയാണ്.
അഹിംസ എന്നത് ഇന്ത്യയുടെ ഡി.എന്‍.എയുടെ ഭാഗമാണ്. മഹാത്മഗാന്ധി നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തില്‍ നിന്ന് ഏറ്റെടുക്കുകയായിരുന്നു അഹിംസ എന്ന ആശയം. ഹിംസ ആര്‍ക്കും ഒന്നും നേടിക്കൊടുക്കില്ലാ എന്ന ആശയം ഇന്ത്യ ലോകത്തിന് മുന്നില്‍ വെച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു. അധികാരത്തില്‍ വരികയാണെങ്കില്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി രാഹുല്‍ഗാന്ധി ഉറപ്പ് നല്കി.