കൊച്ചിയെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, January 29, 2019

Rahul-at-Kochi

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന് തുടക്കം കുറിച്ച് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയെ ആവേശക്കടലാക്കി മാറ്റി. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വന്‍ ഊര്‍ജ്ജമാണ് നല്‍കിയത്. മോദി സര്‍ക്കാരിന്‍റെ അഴിമതികളും ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രങ്ങളും തന്‍റെ വാക്കുകളിലൂടെ വിവരിച്ചപ്പോള്‍ മോദി സര്‍ക്കാരിന്‍റെ നാലര വര്‍ഷത്തെ ദുര്‍ഭരണത്തിന്‍റെ ചിത്രമായിരുന്നു തന്‍റെ വാക്കുകളിലൂടെ രാഹുല്‍ വരച്ചിട്ടത്.

Rahul at Kochi

സുപ്രീംകോടതിയിലെ ജഡ്ജിമാരെപോലും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വിമാനം വൈകിയതിനാല്‍ നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാണ് രാഹുല്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി നേരെ പോയത് എം.ഐ.ഷാനവാസ് എം.പി.യുടെ വസതിയിലേയ്ക്കായിരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചതിന് ശേഷം മറൈന്‍ഡ്രൈവിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനും എത്തിയത് പതിനായിരക്കണക്കിന് ആളുകളായിരുന്നു. മറൈന്‍ ഡ്രൈവില്‍ മൈതാനത്തിന് ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്നതിലേറെ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.