ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെണം; അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

Jaihind News Bureau
Saturday, April 25, 2020

രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇക്കാര്യത്തില്‍ അഞ്ചിന നിർദേശങ്ങള്‍ മുന്നോട്ടുവെച്ച് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കൊവിഡ് ഭീഷണിക്ക് പിന്നാലെ രാജ്യം നേരിടേണ്ടി വരുന്ന ആപത്താണ് സാമ്പത്തിക പ്രതിസന്ധി. ലോക്ക്ഡൗണില്‍ വലിയ തകർച്ച നേരിടുന്ന രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്‍റെ ആഭ്യന്തര വളർച്ചയുടെ മൂന്നിലൊന്ന് നിർണയിക്കുന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്. ഇവരെ സംരക്ഷിക്കുന്നതിന് കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അതിഭീമമായ സാമ്പത്തിക തകർച്ചയാകും നേരിടേണ്ടിവരികയെന്നും സോണിയാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ തുടരുന്ന ഓരോ ദിവസവും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഈ രംഗത്ത് മാത്രം ഉണ്ടാകുന്നത്. മാത്രമല്ല ചെറുകിട-ഇടത്തരം മേഖലയിലെ 11 കോടിയോളം വരുന്ന ജീവനക്കാര്‍ തൊഴില്‍ നഷ്ടമാകല്‍ ഭീഷണിയും നേരിടുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നടിയാതിരിക്കണമെങ്കില്‍ കേന്ദ്രം അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അടിയന്തര സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ അഞ്ചിന നിർദേശങ്ങളും സോണിയാ ഗാന്ധി മുന്നോട്ടുവെച്ചു.