‘എംപി സ്ഥാനം മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും, ജനങ്ങളുടെ മനസില്‍ നിന്ന് മാറ്റാനാവില്ല; ചോദ്യങ്ങള്‍ ഇനിയും ഉയരും, പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 11, 2023

 

കല്‍പ്പറ്റ/വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് തന്‍റെ എംപി സ്ഥാനം എടുത്തുകളയാൻ സാധിക്കുമെന്നും വയനാട്ടിലെ ജനങ്ങളുടെ മനസിൽ നിന്നും എടുത്ത് മാറ്റാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും ചെയ്യാൻ കഴിയുന്നത് ചെയ്യട്ടെ. ഭീഷണിയെ ഭയപ്പെടുന്നില്ല.  അയോഗ്യനാക്കിയതിലൂടെ താൻ ചെയ്തത് ശരിയെന്ന് വ്യക്തമാക്കി തന്നുവെന്നും രാഹുല്‍ പറഞ്ഞു. കൽപ്പറ്റയിൽ കെപിസി സി സംഘടിപ്പിച്ച സത്യമേവ ജയതേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി – മോദി ബന്ധത്തെപ്പറ്റി പാർലമെന്‍റിൽ ഉന്നയിച്ച കാര്യങ്ങൾ രാഹുൽ കൽപ്പറ്റയിലും ആവർത്തിച്ചു. താൻ ഭയപ്പെടുന്നയാളല്ല എന്ന് ബിജെപിക്ക് ഇനിയും മനസിലായിട്ടില്ല. ഇന്ത്യൻ ജനതയുടെ വിഷയങ്ങൾ താൻ ആവർത്തിച്ചുകൊണ്ടിരിക്കും. ഭീഷണിയെ ഭയപ്പെടുന്നില്ലെന്നും എന്തു സംഭവിച്ചാലും സത്യത്തിന്‍റെ പാതയിൽ മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘‘ഞാൻ കേരളത്തിൽ നിന്നുള്ള ആളല്ല. എന്നാൽ നിങ്ങൾ നൽകിയ സ്നേഹം എന്നെ നിങ്ങളുടെ കുടുംബാംഗമായി മാറ്റി. എംപി എന്നത് ഒരു സ്ഥാനം മാത്രമാണ്. ബിജെപിക്ക് ആ സ്ഥാനം എടുത്തുമാറ്റാൻ സാധിച്ചേക്കും. എന്‍റെ വീട് എടുത്തുമാറ്റാൻ സാധിച്ചേക്കും. എന്നെ ജയിലിൽ അടയ്ക്കാൻ സാധിച്ചേക്കും. എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് തടയാൻ അവർക്ക് സാധിക്കില്ല. ബഫർ സോൺ, മെഡിക്കൽ കോളജ്, രാത്രിയാത്രാ നിരോധനം എന്നിവയെല്ലാം ഉയർത്തിക്കൊണ്ടുവരാൻ ‍ശ്രമിച്ചു. വയനാട്ടിലെയും ഇന്ത്യയിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വതന്ത്രമായ രാജ്യത്ത് ജീവിക്കാനാണ്. നിരവധി വർഷമായി ബിജെപിക്കെതിരെ പോരാട്ടം നടത്തുകയാണ്. ഞാൻ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അവർക്ക് ഇനിയും മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാൽ ഞാൻ ഭയക്കുമെന്നാണ് അവർ കരുതുന്നത്. എന്‍റെ വീട് പിടിച്ചെടുത്താൽ എന്നെ ആശങ്കപ്പെടുത്താൻ സാധിക്കുമെന്ന് അവർ കരുതി. വയനാട്ടിൽ ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെട്ടു. പ്രളയം വന്നപ്പോൾ കേരളത്തിലെ നിരവധി ആളുകളുടെ വീട് നഷ്ടപ്പെട്ടു. അതുകൊണ്ട് വീട് നഷ്ടപ്പെടുന്നത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല. രണ്ട് കാഴ്ചപ്പാടുകളുടെ പോരാട്ടമാണ് നടക്കുന്നത്. വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനിൽക്കും” – രാഹുല്‍ ഗാന്ധി പറഞ്ഞു.

പാർലമെന്‍റിൽ ഒരു ബിസിനസുകാരനെക്കുറിച്ചു ചോദിച്ചു. അവർ മറുപടി നൽകിയില്ല. എന്നെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് രണ്ട് കത്തുകൾ അയച്ചു. എന്തുകൊണ്ടാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതെന്ന് സ്പീക്കറോട് ഓഫീസിൽ നേരിട്ടെത്തി ചോദിച്ചു. എനിക്ക് മറ്റു മാർഗമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പാർലമെന്‍റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തില്ല. എംപി എന്നത് കേവലം ഒരു സ്ഥാനം മാത്രമാണ്. എംപി സ്ഥാനവും വയനാടൻ ജനതയുമായുള്ള ബന്ധവും രണ്ടാണ്. മരിക്കുന്നതുവരെ വയനാട്ടിലെ ജനതയുമായുള്ള ബന്ധം ഇല്ലാതാകില്ല. ഹൃദയബന്ധമാണ് വയനാട്ടുകാരും താനും തമ്മിലുള്ളതെന്നും ജീവിതകാലം മുഴുവൻ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും വികാരാധീനനായി രാഹുൽ പറഞ്ഞു.