തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളായ ദുരിതാശ്വാസനിധി തട്ടിപ്പിലെ ലോകായുക്ത വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. വാദം പൂര്‍ത്തിയായി 6 മാസത്തിനുള്ളില്‍ വിധി പറയണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പോലും കാറ്റില്‍ പറത്തിയാണ് ലോകായുക്ത മൌനിബാബ ആയത്. എന്നാല്‍ ഒരു വര്‍ത്തിനു ശേഷമുണ്ടായ വിധി ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. കേസില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഫുള്‍ ബെഞ്ചിന് വിട്ട നടപടി ഉയര്‍ത്തുന്നത് ഒരുപിടി ചോദ്യങ്ങളാണ്.
1. ഈ കേസിന്‍റെ മെയ്ന്‍റെയ്നിബിലിറ്റി (Maintainability) സംബന്ധിച്ച് ലോകായുക്തക്ക് സംശയമുണ്ടെങ്കിൽ പിന്നെയെന്തിനാണ് കേസ്സിൻ്റെ മെറിറ്റിലേക്ക് കടന്ന് ഒന്നര മാസം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾ നടത്തിയത്? എങ്ങിനെയാണ് വിധി പറയാനായി മാറ്റിവച്ചത്?
2. ഈ കേസിന്‍റെ മെയ്ന്‍റെയ്നിബിലിറ്റി(Maintainability) സംബന്ധിച്ച് ലോകായുക്തയുടെ ഫുൾബെഞ്ച്, വിശദമായ വാദം കേട്ടശേഷം 2019 ജനുവരി 14 ന് പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ളപ്പോൾ എങ്ങിനെയാണ് അതിന് വിരുദ്ധമായി ഇപ്പോൾ ഉത്തരവിടാനാകുക? മാത്രമല്ല ആദ്യ ഉത്തരവിനെ പരാതിക്കാരനോ എതിർകക്ഷികളോ അപ്പീൽ കോടതികളിൽ ചോദ്യം ചെയ്തിട്ടുമില്ല.
3. ഈ കേസിന്‍റെ മെയ്ന്‍റെയ്നിബിലിറ്റി( Maintainability) സംബന്ധിച്ചാണ് ലോകായുക്തക്ക് സംശയമെങ്കിൽ പിന്നെയെന്തിനാണ് ഈ വിധി പറയാൻ ഒരു വർഷത്തിലധികം എടുത്തത് ?(അതും വാദി ഹൈക്കോടതിയെ സമീപിച്ച ശേഷം)
4. ഭിന്നാഭിപ്രായ വിധിയാണെങ്കിൽ ലോകായുക്തയുടേയും ഉപലോകായുക്തയുടെയും നിലപാട് എന്തെന്ന് ആ വിധിയിൽ വ്യക്തമാക്കേണ്ടതല്ലേ ? എന്തുകൊണ്ടാണ് ഇത്തരത്തിൽ വിധിയിൽ വ്യക്തത വരുത്താത്തത്?
5. കേസിലെ മെറിറ്റ് സംബന്ധിച്ചും ലോകായുക്തമാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ട് എന്നാണ് ഉത്തരവിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആർക്കൊക്കെ ധനസഹായം ലഭിക്കും, അവർക്ക് പരമാവധി വാർഷികം വരുമാനം എത്രയാകാം, അവർ എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്, ഈ അപേക്ഷ എങ്ങനെയാണ് പ്രോസ്സസ് ചെയ്യേണ്ടത്, ഈ അപേക്ഷയിൽ ആർക്കൊക്കെ എത്ര രൂപ വീതം അനുവദിക്കാൻ കഴിയും എന്നൊക്കെ സംബന്ധിച്ച് നിയതമായ വ്യവസ്ഥകൾ ഉണ്ടായിരിക്കെ, ആ നിബന്ധനകൾ എല്ലാം അട്ടിമറിച്ച്, തങ്ങളുടെ സ്വന്തക്കാർക്ക് സാമ്പത്തിക സഹായം നൽകാനായി, ക്യാബിനറ്റിൽ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടുവന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തു എന്നതാണ് തെളിവുകൾ സഹിതം ഉള്ള പരാതി.
6. ഇന്ന് വന്നിട്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. ഇനി എന്നാണ് ഫുൾ ബെഞ്ച് ചേരുന്നത് എന്ന് പോലും ഈ ഉത്തരവിൽ വ്യക്തമായി പറയുന്നില്ല. ഈ കേസിന്മേലുള്ള തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനുള്ള നടപടികളാണ് ലോകായുക്തയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നീതി വൈകുന്നേരം നീതി നിഷേധത്തിന് തുല്യമാണ്. എൻ്റെ പരാതിയിൽ ലോകായുക്തയുടെ ഭാഗത്തുനിന്നും അടിയന്തരമായ അന്തിമ ഉത്തരവുണ്ടാകാൻ വേണ്ടി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികളുമായി മുന്നോട്ടു പോകും
കേസ്സിൻ്റെ നാൾവഴികൾ
27. 07. 2017 : ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ കാബിനറ്റ് തീരുമാനം (നമ്പർ 1286)
04. 10. 2017 : കൊടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിലെ പോലീസുകാരൻ പ്രവീണിന് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപ കൊടുക്കാൻ ക്യാബിനറ്റ് തീരുമാനം (നമ്പർ 1509)
24 01 2018 : മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8,66,000/- രൂപയുടെ സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നൽകാൻ കാബിനറ്റ് തീരുമാനം (നമ്പർ 1870)
27. 09. 2018 : മുകളിൽ പറഞ്ഞ മൂന്ന് തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ആർ എസ് ശശികുമാർ ലോകായുക്തയെ സമീപിക്കുന്നു.
14 01 2019 വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം പരാതിയുടെ മെയ്ന്‍റെയ്നിബിലിറ്റി(Maintainability) സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി കുര്യാക്കോസ് അദ്ധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബഞ്ച് ടി വിധിന്യായത്തിൽ വ്യക്തമാക്കി.
0 5. 02. 2022 : ലോകായുക്തയിൽ വാദം ആരംഭിച്ചു
18. 03. 2022 : വാദം അവസാനിച്ചു. കേസ് വിധി പറയാനായി മാറ്റിവച്ചു.
20. 03. 2023 : വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ബഹു: ഹൈക്കോടതി, ആദ്യഘട്ടം എന്ന നിലയിൽ വാദിയോട് ലോകായുക്തക്ക് തന്നെ പരാതി നൽകാൻ നിർദ്ദേശിക്കുകയും കേസ് ഏപ്രിൽ മാസം മൂന്നാം തീയതിക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു
23.03. 2023 : വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുമ്പ് വിധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം വീണ്ടും ലോകായുക്തക്ക് പരാതി നൽകി.
31. 03. 2023 : ഭിന്നവിധിക്ക് പിന്നാലെ, ഫുൾബഞ്ച് കേസ് കേൾക്കാൻ തീരുമാനം.
അതേസമയം ലോകായുക്തയുടെ പല്ലു നഖവും കൊഴിക്കാനുള്ള ബില്ല് സര്‍ക്കാര്‍ ഗവര്‍ണറുടെ പരിഗണനയ്കക്ക് അയച്ചെങ്കിലും ഇക്കാര്യത്തില്‍ ഈ നിയമഭേദഗതിക്ക് അനുമതി നൽകിയിട്ടില്ല.