ചോദ്യപേപ്പര്‍ എത്തിയില്ല; കണ്ണൂര്‍ സര്‍വകലശാല പരീക്ഷ മുടങ്ങി

Jaihind News Bureau
Saturday, April 26, 2025

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വന്‍ വീഴ്ച്ച. ചോദ്യപേപ്പറുകള്‍ എത്താതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങി. ചോദ്യപേപ്പറുകള്‍ എത്താത്തതിനെ തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ എംഡിസി പരീക്ഷകള്‍ ആണ് മുടങ്ങിയത്. സാങ്കേതിക തകരാറാണ് പരീക്ഷ മുടങ്ങാന്‍ കാരണമെന്ന് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വ്വകലാശാല ആസ്ഥാനത്ത് കെ എസ് യു പ്രതിഷേധം.പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. സര്‍വ്വകലാശാല കവാടത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ വാഴ കെട്ടിവെച്ച് പ്രതിഷേധം.മുടങ്ങിയ പരീക്ഷ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചതായി സര്‍വ്വകലാശാല അധികൃതര്‍.

ചോദ്യപ്പേപ്പര്‍ എത്താത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശായില്‍ ഏഴ് വിഷയങ്ങളിലെ പരീക്ഷകള്‍ ആണ് മുടങ്ങിയത്. മള്‍ട്ടി ഡിസിപ്ലിന്‍ കോഴ്‌സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളുടെ ചോദ്യപേപ്പറാണ് എത്താതിരുന്നത്. പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ മെയില്‍ വഴിയാണ് കോളേജുകളിലേക്ക് എത്തുന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ച് ഉത്തരക്കടലാസ് കിട്ടിയ ശേഷമാണ് ചോദ്യപേപ്പര്‍ എത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചത്. ഇതോടെ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നം കൊണ്ടാണ് ചോദ്യപ്പേപ്പര്‍ എത്താതിരുന്നത് എന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. പരീക്ഷ മുടങ്ങിയതില്‍ കെ എസ് യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. കെ എസ്.യു പ്രവര്‍ത്തകര്‍ വാഴയുമായി കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി,.സര്‍വ്വകലാശാല കവാടത്തില്‍ വാഴ സ്ഥാപിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ അകത്തു കടക്കാന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഉന്തുംതള്ളും വാക്കേറ്റവും സംഘര്‍ഷവും നടന്നു.

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ബലം പ്രയോഗിച്ചു.’ കെ എസ് യു നേതാക്കളെ സര്‍വ്വകലാശാല അധികൃതരെ കാണാനൊ ചര്‍ച്ച നടത്താനൊ പൊലീസ് അനുവദിച്ചില്ല. ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം. സി അതുല്‍ സമരം ഉദ്ഘാടനം ചെയ്തു. സെനറ്റ് അംഗം അഷിത്ത് അശോകന്‍, ആദര്‍ശ് മാങ്ങാട്ടിടം, അര്‍ജുന്‍ ചാലാട് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സര്‍വ്വകലാശാല മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.

ഇന്ന് മാറ്റിയ പരീക്ഷകള്‍ മെയ് അഞ്ചിന് നടക്കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ എയ്ഡഡ് കോളേജിലെ പ്രിന്‍സിപ്പല്‍, പരീക്ഷയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവവും ഉണ്ടായിരുന്നു .ഇതിന് പിന്നാലേയാണ് ചോദ്യപേപ്പര്‍ എത്താത്തതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങുന്നത്.