ഫോര്‍ബ്‌സ് മാസികയുടെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു ഇടംനേടി. പതിമൂന്നാം സ്ഥാനത്താണ് പി വി സിന്ധു. പട്ടികയിലെ ഏക ഇന്ത്യന്‍ താരവും സിന്ധുവാണ്.
ഫോർബ്‌സ് മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരായ 15 വനിതാ കായിക താരങ്ങളുടെ പട്ടികയിൽ 5.5 മില്യൺ ഡോളർ വാർഷിക വരുമാനവുമായാണ് പി വി സിന്ധു പതിമൂന്നാം സ്ഥാനത്തെത്തിയത്.
ടെന്നീസ് താരങ്ങൾക്ക് ആധിപത്യമുള്ള പട്ടികയിൽ 29.2 മില്യൺ ഡോളർ വാർഷിക വരുമാനവുമായി അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് ആണ് ഒന്നാം സ്ഥാനത്ത്. 2018ലെ യുഎസ് ഓപ്പൺ ചാമ്പ്യനായ ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്കയാണ് പട്ടികയിൽ രണ്ടാമത്. 24.3 മില്യൺ ഡോളറാണ് ഒസാക്കയുടെ വാർഷിക വരുമാനം. 11.8 മില്യൺ ഡോളർ വരുമാനവുമായി ആഞ്ജലീന കെർബർ മൂന്നാം സ്ഥാനത്തുണ്ട്.
ജൂൺ 2018 മുതൽ 2019 ജൂൺവരെയുള്ള കാലയളവിൽ ഏറ്റവും കുറഞ്ഞത് അഞ്ച് മില്യൺ ഡോളറെങ്കിലും നേടിയ വനിതാ കായിക താരങ്ങളെയാണ് ഫോർബ്‌സ് പരിഗണിച്ചത്. പ്രൈസ് മണി, ശമ്പളം, ബോണസ്, പരസ്യവരുമാനം എന്നിവയാണ് താരങ്ങളുടെ വരുമാനത്തിൽ പരിഗണിച്ചത്.
‘ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ കായികതാരം എന്ന നേട്ടത്തില്‍ സിന്ധു തുടരുകയാണ്. ബി.ഡബ്യു.എഫ് വേള്‍ഡ് ടൂറില്‍ കിരീടം നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് അവര്‍ 2018 അവസാനിപ്പിച്ചതെന്ന് ഫോര്‍ബ്‌സിന്‍റെ പ്രസ്താവനയില്‍ പറയുന്നു.