
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി പി.വി. അൻവർ വീണ്ടും രംഗത്ത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അൻവർ, മുഖ്യമന്ത്രി പ്രതിപക്ഷത്തെ തകർക്കാൻ വൈരാഗ്യബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ഓരോ തവണ പ്രതിസന്ധിയിലാകുമ്പോഴും തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും കെട്ടിച്ചമയ്ക്കുന്നത് പതിവാണെന്നും അൻവർ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിനെതിരെ സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് അൻവർ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിന് കനത്ത തിരിച്ചടി സർക്കാരിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ജനാധിപത്യപരമായ പോരാട്ടത്തിൽ പ്രതിപക്ഷത്തിനെതിരായ അന്യായമായ കടന്നാക്രമണങ്ങളെ വെറുതെ കണ്ടുനിൽക്കില്ലെന്ന സൂചനയാണ് അൻവർ നൽകുന്നത്.
ഇടതുമുന്നണി വിട്ട ശേഷം തനിക്കെതിരെ ബോധപൂര്‍വം സംസ്ഥാനത്ത് ഉടനീളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജാവ് പ്രതിസന്ധിയിലാകുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധങ്ങള്‍ ഉണ്ടാകും എന്നത് പോലെ ഈ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ വാര്‍ത്തകളും കേസുകളും ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഇനിയും ഉണ്ടാകും എന്ന് തിരിച്ചറിയാന്‍ വിവേകമുള്ള സമൂഹമാണ് കേരളമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.