‘പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലില്ല, വനം നിയമഭേദഗതിക്കെതിരെ മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കും’; എം.എം. ഹസന്‍

Monday, January 13, 2025

തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലുള്ള കാര്യമല്ലെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് യുഡിഎഫ് നിലപാട് വ്യക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ വ്യക്തമാക്കി. ആവശ്യമായ ഘട്ടത്തില്‍ യുഡിഎഫും കോണ്‍ഗ്രസ്സും ആ വിഷയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതേസമയം വനം നിയമഭേദഗതിക്കെതിരെ യുഡിഎഫ് മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു. വനം നിയമ ഭേദഗതി പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും. ജനുവരി 27 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ പുളിക്കലില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ പാറശാല മണ്ഡലത്തിലെ അമ്പൂരിയില്‍ അവസാനിക്കുന്ന മലയോര സമര പ്രചരണ യാത്രയും സംഘടിപ്പിക്കുമെന്ന് എം.എം. ഹസന്‍ പറഞ്ഞു.