പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം; ഉത്തരവാദിത്വം പോലീസിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ ഗൂഢാലോചന

Jaihind Webdesk
Wednesday, December 26, 2018

Puttingal Fire Tragedy

പുറ്റിങ്ങൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷന് മുൻപാകെ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാനിരിക്കെ സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്വം പൊലീസിന് മേൽ കെട്ടിവെക്കാൻ നീക്കം നടക്കുന്നതായി പരാതി. ഇതിന്‍റെ ഭാഗമായി കേസിൽ ആരോപണ വിധേയയായ ഐ.എ.എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ രഹസ്യയോഗം ചേർന്നു.

മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ജി.എസ്.ടി അഡീഷണൽ കമ്മീഷണറും മുൻ കൊല്ലം ജില്ലാ കളക്ടറുമായ ഷൈനാമോളെ ഉൾപ്പെടുത്തിയാണ് രഹസ്യയോഗം ചേർന്നത്. പുറ്റിംഗൽ അപകടത്തിൽ പൊലീസുകാരെ പ്രതിക്കൂട്ടിലാക്കാനും അന്ന് കൊല്ലം കളക്ടറായിരുന്ന ഷൈനമോളെ രക്ഷിക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പൊലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോ, ഷൈനമോൾ, ഗവൺമെന്‍റ് പ്ലീഡർ അനന്തകൃഷ്ണൻ, മുഖ്യമന്ത്രിയുടെ സ്‌റ്റാഫ് അംഗം എന്നിവരാണ് പങ്കെടുത്തത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയെ യോഗത്തിന് വിളിച്ചിരുന്നില്ല. പുറ്റിംഗൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ആവശ്യപ്പെട്ട ഫയലുകൾ ഷൈനമോൾ ഇതുവരെ സമർപ്പിച്ചിട്ടില്ല. നേരത്തെ കൊല്ലം കമ്മീഷണറടക്കം പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് അന്ന് അഭ്യന്തര സെക്രട്ടറിയിരുന്ന നളിനി നെറ്റോയുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. ഈ മാസം 31നാണ് കമ്മീഷന്‍റെ അവസാന സിറ്റിംഗ്.