പുതുപ്പള്ളി വിധിയെഴുതാന്‍ ഇനി രണ്ടു നാള്‍ മാത്രം; പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

Jaihind Webdesk
Saturday, September 2, 2023

 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്. പുതുപ്പള്ളി പോളിംഗ് ബൂത്തിൽ എത്താൻ ഇനി ശേഷിക്കുന്നത് 2 നാൾ മാത്രം. കലാശക്കൊട്ടിന് മണിക്കൂറുകൾ ബാക്കിനിൽക്കെ അതിവേഗത്തിൽ പ്രചാരണം കൊഴിപ്പിക്കുകയാണ് മുന്നണികൾ.

കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകൾ മാത്രം. വാഹന പര്യടനം അടക്കമുള്ള പ്രചാരണ പരിപാടികൾ പൂർത്തിയാക്കി യുഡിഎഫ് ക്യാമ്പ്. ദേശീയ സംസ്ഥാന നേതാക്കൾ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനു വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു. പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് ഇന്ന് ചാണ്ടി ഉമ്മനു വേണ്ടി താരപ്രചാരകരായി എത്തിയത്.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും എൻഡിഎ സ്ഥാനാർത്ഥി ലിജിന്‍ ലാലിനു വേണ്ടി കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ളവരാണ് പ്രചാരണത്തിന് എത്തിയത്. നാളെ മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം നടക്കും. ശേഷം നാലാം തീയതി നിശബ്ദ പ്രചാരണമാണ്. പിന്നീട് അഞ്ചാം തീയതി പുതുപ്പള്ളി വിധിയെഴുതാൻ പോളിംഗ് സ്റ്റേഷനിൽ എത്തും. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍.