പഞ്ചാബിലും യുപിയിലും ഇന്ന് വോട്ടെടുപ്പ് : കടുത്ത പോരാട്ടം

Jaihind Webdesk
Sunday, February 20, 2022

പഞ്ചാബിലും  ഉത്തർപ്രദേശിലും വോട്ടെടുപ്പ് ആരംഭിച്ചു. പഞ്ചാബിലെ 117 സീറ്റിലും തീപാറുന്ന പോരാട്ടമാണ്. യുപിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രണ്ടിടത്തും കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ്. പ്രചരണത്തിൽ ഏറെ മുന്നിലെത്തിയെങ്കിലും അരവിന്ദ് കെജരിവാളിനെതിരെ ഖലീസ്ഥാൻ ബന്ധം ആരോപിച്ചു മുൻ വിശ്വസ്തൻ നടത്തിയ വെളിപ്പെടുത്തൽ ആം ആദ്മിയെ വെട്ടിലാക്കി. നിലനിൽപ്പിനായി അകാലിദളിനും അമരീന്ദർ സിങ്ങിനും വിജയം അനിവാര്യമാണ്. വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും അധികാരം നിലനിർത്താൻ കഴിയുമെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു.

16 ജില്ലകളിലെ രണ്ട് കോടി 15 ലക്ഷം വോട്ടർമാരാണ് ഉത്തർപ്രദേശിലെ മൂന്നാം ഘട്ടത്തിൽ ഇന്ന് ജനവിധി തേടുന്നത്. 59 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 49 നേടിയത് ബിജെപിയായിരുന്നു. 2012 നിയമസഭാ തെരെഞ്ഞെടുപ്പിൽ ഈ മേഖല എസ്. പിയോടൊപ്പം നിലയുറപ്പിച്ചപ്പോഴാണ് അഖിലേഷ് യാദവിന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. ഈ മേഖലയിലെ 29 സീറ്റുകൾ യാദവ ശക്തികേന്ദ്രമാണ്.പലമണ്ഡലങ്ങളിലും 30 ശതമാനം വരെ യാദവ വോട്ടുകളുണ്ട്. ന്യൂനപക്ഷ വോട്ട് കൂടി ചേരുമ്പോൾ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്നു സമാജ് വാദി പാർട്ടി കണക്കു കൂട്ടുന്നു.

ഹാത്രസ് ഉൾപ്പെടെയുള്ള പ്രദേശത്ത് ബിഎസ്പിക്ക് മേൽക്കൈയുണ്ട്. ദീപാവലിക്കും ഹോളിക്കും സൗജന്യമായി എൽ.പി.ജി സിലിണ്ടർ വാഗ്ദാനം നൽകിയാണ് ബി.ജെ.പി പ്രചരണം നടത്തിയത്.രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്.
Adjust Story Font