‘വെടിയുണ്ട കാണാതായ സംഭവം എ.ഡി.ജി.പി അന്വേഷിക്കുന്നതിലും നല്ലത് എ.കെ.ജി സെന്‍ററിലെ പ്യൂണ്‍ അന്വേഷിക്കുന്നത്’ : കെ മുരളീധരന്‍ എം.പി

കണ്ണൂര്‍ : കേരളാ പൊലീസിന്‍റെ വെടിയുണ്ട കാണാതായ സംഭവം എ.ഡി.ജി.പി അന്വേഷിക്കുന്നതിലും ഭേദം എ.കെ.ജി സെന്‍ററിലെ പ്യൂൺ അന്വേഷിക്കുന്നതാണെന്ന് കെ മുരളീധരൻ എം.പി. വെടിയുണ്ടയും തോക്കും കാണാതായത് സി.ബി.ഐയോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയോ അന്വേഷിക്കണമെന്നും കെ മുരളീധരൻ. കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ പതിനേഴാം ദിവസത്തെ സമാപന പൊതുയോഗം കൂത്തുപറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറായിയും ഒരേ തൂവൽപ്പക്ഷികൾ ആണ്. ഒരാൾ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ രക്ഷകന്‍റെ വേഷം കെട്ടി കൊന്നൊടുക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത് എന്നും കെ മുരളീധരൻ എം.പി പറഞ്ഞു. ഉണ്ട വിഴുങ്ങിയവരാണ് കേരള സംസ്ഥാനം ഭരിക്കുന്നത്. വീരപ്പനെ വെല്ലുന്ന ടീമാണ് ഇവരുടേത്. വീരപ്പൻ ജീവനോടെ ഉണ്ടെങ്കിൽ ഡി.ജി.പിയുടെ മുന്നിൽ പോയി പ്രണമിച്ചേനെ. അത്രയും വലിയ കൊള്ളയാണ് ഡി.ജി.പി നടത്തുന്നത്. പൊലീസിലെ ഉണ്ട കാണാതായ സംഭവം എ.ഡി.ജി.പി അന്വേഷിക്കുന്നതിലും ഭേദം എ.കെ.ജി സെന്‍ററിലെ പ്യൂൺ അന്വേഷിക്കുന്നതാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

ചീഫ് സെക്രട്ടറിക്ക് കാർ വാങ്ങി കൊടുക്കുന്ന ഡി.ജി.പി അന്നദാനപ്രഭുവാണോയെന്നും കെ മുരളീധരൻ ചോദിച്ചു.
ഉണ്ട കാണാതായ സംഭവത്തിൽ ഒന്നുകിൽ സി.ബി.ഐയോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. പൊലീസിലെ അഴിമതിയിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അലൻ, താഹ വിഷയത്തിൽ പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് പറഞ്ഞു.

പദയാത്രാ നായകൻ സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് മാറോളി, വി.എ നാരായണൻ, മമ്പറം ദിവാകരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Comments (0)
Add Comment