ഡ്യൂട്ടി സമയത്ത് ജീവനക്കാർ കൂട്ടത്തോടെ മുങ്ങിയ സംഭവത്തില്‍ പുനലൂർ സപ്ലൈ ഓഫീസർക്ക് സസ്‌പെൻഷൻ

Jaihind Webdesk
Saturday, May 11, 2019

പുനലൂർ സപ്ലെ ഓഫീസിൽ ഡ്യൂട്ടി സമയത്ത് കൂട്ടത്തോടെ ജീവനക്കാർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഭവത്തിൽ പുനലൂർ സപ്ലൈ ഓഫീസർക്ക് സസ്‌പെൻഷൻ.  വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ സപ്ലെ ഓഫീസർ നേരിട്ട് അന്വേഷണം നടത്തി സപ്ലൈ ഓഫീസറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുള്ളതായ് കണ്ടെത്തിയതിനെ തുടർനാണ് സപ്ലൈ ഓഫീസർ അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തത് . വ്യാഴാഴ്ചയാണ് പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ അവധി എടുക്കാതെ കൂട്ടത്തോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയത്.

ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊട്ടാരക്കര സപ്ലൈ ഓഫീസര്‍ക്കാണ് പകരം താത്കാലിക ചുമതല നല്‍കി.

പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ സഹപ്രവര്‍ത്തകന്‍റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഓഫീസ് സമയത്ത് പോയത് വിവാദമായിരുന്നു.  സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും പോയതോടെ റേഷന്‍ കാര്‍ഡിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നത് പ്രതിഷേധങ്ങള്‍ക്കും വഴി വെച്ചിരുന്നു.

15 കിലോമീറ്ററിലധികം ദൂരെ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ജീവനക്കാര്‍ നാല് മണിക്കൂറിനു ശേഷമാണ് തിരിച്ചെത്തിയത്. സംഭവം വിവാദമായതോടെ രാവിലെ രജിസ്റ്ററില്‍ ഒപ്പിട്ട് വിവാഹത്തിന് പോയ എല്ലാവര്‍ക്കും ഉച്ചവരെ അവധി നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിക്കുകയും ചെയ്തിരുന്നു.