കൊവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനം ; മികച്ച 10 എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്

Jaihind News Bureau
Wednesday, December 23, 2020

Rahul-Gandhi

 

ന്യൂഡല്‍ഹി : കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കാര്യക്ഷമമായി ജനങ്ങള്‍ക്ക് സഹായമെത്തിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേണ്‍ ഐ സിസ്റ്റംസ് നടത്തിയ സർവേയിലാണ് കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവർത്തിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത് ഇടംനേടിയത്. 10 എം.പിമാരുടെ പട്ടികയില്‍ നാല്‍പതിനായിരത്തിലേറെ വോട്ടുകളോടെയും 73 പോയിന്‍റുകളോടെയുമാണ് രാഹുല്‍ ഗാന്ധിയുടെ നേട്ടം.

മൂന്ന് ഘട്ടങ്ങളിലായാണ്സര്‍വേ സംഘടിപ്പിച്ചത്. 2020 ഒക്ടോബർ 1 നും  15 നും ഇടയിലായാണ് സർവേയുടെ ആദ്യ ഘട്ടം നടന്നത്. ഇതില്‍ ആകെ 33,82,560 നാമനിർദേശങ്ങള്‍ ലഭിച്ചു. തുടർന്ന് നോമിനേഷനുകളെ അടിസ്ഥാനമാക്കി 25 എം.പിമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു.

ജനങ്ങളുടെ ഇടയില്‍ നിന്ന് നേരിട്ടുള്ള അഭിപ്രായ രൂപീകരണമായിരുന്നു രണ്ടാം ഘട്ടം. ലോക്ഡൗണില്‍ എം.പിമാർ എത്രത്തോളം സഹായകരമായി പ്രവർത്തിച്ചു എന്നതിന് മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം സ്വരൂപിച്ചു. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന സർവേയില്‍ മുന്നിലെത്തിയ 10 എം.പിമാരുടെ പട്ടികയാണ് ഗവേണ്‍ ഐ സിസ്റ്റംസ് പ്രസിദ്ധീകരിച്ചത്. ഇതിലാണ് രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ 25 പേരുടെ പട്ടികയില്‍ ശശി തരൂർ എം.പിയും ഇടംനേടിയിരുന്നു.