സിപിഎം സമ്മേളനത്തെ തൊടാന്‍ പേടി, പൊതുജനത്തിന് കൊറോണ ഉപദേശം; തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് സമൂഹമാധ്യമ പൊങ്കാല

Jaihind Webdesk
Saturday, January 22, 2022

തൃശൂര്‍: കൊവിഡ് അതിതീവ്രവ്യാപനത്തിനിടെയും നടത്തുന്ന സിപിഎം സമ്മേളനത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ പൊതുജനത്തെ ഉപദേശിക്കാനെത്തിയ ജില്ലാ കളക്ടര്‍ക്ക് സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. കൂട്ടം കുറച്ചാല്‍ നേട്ടം കൂടും എന്ന പോസ്റ്റിന് താഴെ പ്രതിഷേധ കമന്‍റുകള്‍ നിറയുകയാണ്. നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ സിപിഎമ്മിന് ഇതൊന്നും ബാധകമല്ലേ എന്ന ചോദ്യമാണ് കമന്‍റുകളില്‍ ഭൂരിഭാഗവും.

‘ഞായറാഴ്ച തിരുവാതിര കളിക്കാന്‍ പുറത്തിറങ്ങിയാല്‍ കുഴപ്പമുണ്ടോ’, ‘കാറെടുത്ത് സിപിഎം സമ്മേളനം നടക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം വരെ ഒന്നു പോകാന്‍ കഴിയുമോ’, സിപിഎം സമ്മേളനം നിയന്ത്രിക്കാന്‍ കഴിയാത്ത കളക്ടര്‍, സാധാരണക്കാരെ ദ്രോഹിക്കാന്‍ മാത്രം അറിയുന്ന നിങ്ങള്‍ക്ക് ഞങ്ങളുടെ വേദന അറിയില്ല’ ‘ജോലി രാജിവെച്ച് വേറെവല്ല പണിക്കും പോ’, തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആള്‍ക്കൂട്ടം പാടില്ല എന്ന ഉത്തരവ് നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനം തൃശൂരില്‍ നടക്കുന്നത്. ഇന്‍ഡോര്‍ പരിപാടികളില്‍ 75 ഉം ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് 150 പേരുമാണ് അനുവദനീയം. സിപിഎം സമ്മേളനത്തില്‍ പ്രതിനിധികളായി മാത്രം പങ്കെടുക്കുന്നത് 175 പേരാണ്. സമ്മേളനം വെട്ടിച്ചുരുക്കിയെങ്കിലും നഗ്നമായ നിയമലംഘനം തന്നെയാണ് സിപിഎം നടത്തുന്നത്.

സിപിഎം സമ്മേളനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കളക്ടര്‍ക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. സിപിഎം നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് പൊതുജനത്തിന് ഉപദേശവുമായെത്തിയ കളക്ടര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.