‘സ്പീക്കര്‍ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തിക്കെട്ടരുത്’ ; ശ്രീരാമകൃഷ്ണനോട് പി.ടി തോമസ്

Jaihind News Bureau
Saturday, November 7, 2020

 

സ്പീക്കര്‍ ഇരിക്കുന്ന കസേരയുടെ മാന്യത കളങ്കപ്പെടുത്തരുതെന്ന് പി.ടി തോമസ് എംഎല്‍എ. സ്പീക്കര്‍ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തിക്കെട്ടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട ഇ.ഡിക്ക് കേരളാ നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

‘ജെയിംസ് മാത്യു എംഎൽഎയുടെ കത്ത് കിട്ടുന്നതും സ്പീക്കർ ഉണർന്ന് പ്രവർത്തിച്ചതും ഞൊടിയിടകൊണ്ടാണ്. ബഹു. നിയമസഭാ സ്പീക്കർ താൻ ഇരിക്കുന്ന കസേര മാന്യത കളങ്കപ്പെടുത്തരുത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ സ്പീക്കർക്കെതിരെ ശക്തമായി മുന്നോട്ടുവരാൻ നിർബന്ധിതരാകുമെന്ന് ഓർമ്മപ്പെടുത്തുന്നു. സ്പീക്കർ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുതെന്നും ഓർമ്മിപ്പിക്കുന്നു.’- പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ലഹരിമരുന്നു കേസിൽ അകപ്പെട്ട സിപിഐഎം പാർട്ടി സെക്രട്ടറി കൊടിയേരിയുടെ മകനെ ED ചോദ്യം ചെയ്തപ്പോഴും പിണറായിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ നോട്ടീസ് കൊടുത്തപ്പോഴും പിണറായി വിജയൻ്റെയും കൊടിയേരിയുടെയും യഥാർത്ഥ മുഖം കേരളം കണ്ടു . നിയന്ത്രണം വിട്ടു പോയ സിപിഐഎം അന്വേഷണ ഏജൻസി ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിറളിപൂണ്ട സിപിഎം ബാലാവകാശ കമ്മീഷനെയും നിയമസഭാ കമ്മിറ്റിയെയും എല്ലാം ഇതിനായി രംഗത്തിറങ്ങിയിരിക്കുകയാണ്.

വാളയാർ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്ക് എതിരെയോ വായ തുറക്കാത്ത ബാലാവകാശ കമ്മീഷൻ ലഹരികടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ ഓടിയെത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്നിശമനസേന എത്തുന്ന വേഗത്തിലാണ്. ജെയിംസ് മാത്യു എംഎൽഎ യുടെ കത്ത് കിട്ടുന്നതും സ്പീക്കർ ഉണർന്ന് പ്രവർത്തിച്ചതും ഞൊടിയിട കൊണ്ടാണ്. ബഹു. നിയമസഭാ സ്പീക്കർ താൻ ഇരിക്കുന്ന കസേര മാന്യത കളങ്കപ്പെടുത്തരുത്.
ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ സ്പീക്കർക്കെതിരെ ശക്തമായി മുന്നോട്ടുവരാൻ നിർബന്ധിതരാകുമെന്ന് ഓർമ്മപ്പെടുത്തുന്നു. സ്പീക്കർ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുതെന്നും ഓർമ്മിപ്പിക്കുന്നു.