കൊച്ചി : കടമ്പ്രയാർ നദി മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്സ് കമ്പനി ഉടമ സാബു ജേക്കബിന്റെ വാദങ്ങൾക്ക് മറുപടിയുമായി പി.ടി തോമസ് എം.എൽ.എ. തന്റെ പോരാട്ടം കിറ്റെക്സ് കമ്പനി പൂട്ടിക്കാനല്ലന്നും പ്രകൃതിയെ സംരക്ഷിക്കാനും വരും തലമുറയ്ക്കും വേണ്ടിയാണെന്നും പി.ടി തോമസ് എം.എൽ.എ പറഞ്ഞു.
കടമ്പ്രയാർ നദി മലിനീകരണം മൂലം അതീവ ഗുരുതരമായ ഭീഷണി നേരിടുന്നതായി ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. കിറ്റെക്സ് കമ്പനിയുടെ ഡൈയിംഗ് ആന്റ് ബ്ലീച്ചിംഗ് യൂണിറ്റിൽ നിന്നും ക്രോമിയം അടക്കമുള്ള രാസമാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കുകയാണ്. യൂണിറ്റിന് 2008 ൽ കിഴക്കമ്പലം പഞ്ചായത്ത് അനുമതി നൽകി പതിമൂന്ന് വർഷം കഴിഞ്ഞിട്ടും സുപ്രീം കോടതി നിഷ്കർഷിച്ച മാലിന്യ സംസ്കരണ പ്ലാന്റ്പൂർണ്ണമായും സ്ഥാപിക്കാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് പി.ടി തോമസ് എം.എൽ.എ പറഞ്ഞു.
2021 ഫെബ്രുവരി 10ന് എറണാകുളം ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ കടമ്പ്രയാർ മലിനീകരണത്തെ കുറിച്ച് താൻ ചൂണ്ടിക്കാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പാണിത്. ഇതിൽ വിറളി പിടിച്ച് തന്നെ തൃക്കാക്കരയിൽ തോൽപ്പിക്കാൻ കിറ്റെക്സ് എം.ഡി ശ്രമിച്ചു. ധാർമ്മികതയുടെ പേരിലാണ് കിറ്റെക്സ് കമ്പനിയുടെ മലിനീകരണം തുറന്നുകാണിക്കുന്നതെന്നും പി.ടി തോമസ് എം.എൽ.എ വ്യക്തമാക്കി.
ഭാവി തലമുറയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന ഡൈയിംഗ് യൂണിറ്റ് നിയമാനുസൃതമായി പ്രവർത്തിക്കണം. തന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിച്ചാൽ തനിക്ക് നൽകാമെന്ന് പറഞ്ഞ 50 കോടി രൂപ കാണിച്ച് തന്നെ ഭയപ്പെടുത്താൻ ശ്രമിച്ച കിറ്റെക്സ് എംഡിയുടെ തുക വരുന്നത് അനധികൃത മാർഗത്തിലൂടെ ആയതുകൊണ്ട് തനിക്ക് തുക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണാധിപത്യം കൊണ്ട് ജനങ്ങളെ ചവിട്ടി മെതിക്കാം എന്ന കിറ്റെക്സ് ഉടമയുടെ ധിക്കാരത്തെ ഇനിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു