
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചു. കോടതി നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാവിലെയാണ് കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കോടതി നിര്‍ദ്ദേശപ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
വനിതാ ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. കഴിഞ്ഞ മാസം ആറിന് തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം. ഐ എഫ് എഫ് കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ജൂറി അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സ്‌ക്രീനിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്ന് പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, ആരോപണങ്ങള്‍ പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. സംഭവത്തില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു.