ഡിബാർ ചെയ്യേണ്ട തട്ടിപ്പായിട്ടും നടപടി എടുക്കാതെ പിഎസ്സി. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് മുൻ യൂണിറ്റ് സെക്രട്ടറി നടത്തിയ തട്ടിപ്പ് പുറത്ത് . നസീം പി എസ്സിക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈലുകൾ വച്ച്. രണ്ട് അപേക്ഷകളിലും വ്യത്യസ്ത ജനനത്തീയതി. പ്രതികൾക്ക് എല്ലാം ഒരേ കോഡിലുള്ള ചോദ്യം കിട്ടിയതിലും സംശയം.
പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ റാങ്ക് പട്ടികയിലുള്ള നസീമിന്റെ പ്രൊഫൈൽ പരിശോധനകളിൽ പിഎസ്സിക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പുതിയ തെളിവുകൾ ലഭിച്ചതോടെ ബലപ്പെടുന്നത്. രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിലെ രണ്ടാം പ്രതി നസീം പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷ നൽകിയത്. പിഎസ്എസി ചട്ട പ്രകാരം ഒരാള്‍ തന്നെ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്ട്രേഷൻ നടത്തുന്നത് ഡീബാർ ചെയ്യേണ്ട കുറ്റമാണ്. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നസീമിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനയുണ്ടായില്ല. അതേ സമയം, നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരെ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതയുണ്ട്.
റാങ്ക് ലിസ്റ്റിൽ പെട്ട ശിവരഞ്ജിത്തിനും, പ്രണവിനും, നസീമിനും പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ലഭിച്ചത് കോഡ് സി ചോദ്യപേപ്പറുകളാണ്. ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങൾ പുറത്തു നിന്ന് മൊബൈൽ ഫോണിൽ മൂവർക്കും ലഭിച്ചതെന്ന് പിഎസ്സി വിജിലൻസ് നേരുത്തെ കണ്ടെത്തിയിരുന്നു. പി.എസ് .സി ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടാകും.