‘ഇനിയൊരു ഉദ്യോഗാർത്ഥിയുടെയും കണ്ണീര് ഇവിടെ വീഴരുത്’ ; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ഉള്ളുലയ്ക്കും ചിത്രം

 

തിരുവനന്തപുരം : തികച്ചും  ഉദ്വേഗജനകമായ രംഗങ്ങള്‍ക്കായിരുന്നു സെക്രട്ടേറിയറ്റ് പരിസരം ഇന്ന് സാക്ഷ്യംവഹിച്ചത്. സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പി.എസ്.സി ഉദ്യോഗാർത്ഥികള്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ ആത്മഹത്യാശ്രമം കണ്ട് പൊട്ടിക്കരയുന്ന ഉദ്യോഗാർത്ഥിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

പൊതുസമൂഹത്തിന്‍റെ നെഞ്ചുപൊള്ളിക്കുന്ന ഈ ചിത്രം പങ്കുവെച്ച് നിരവധി പേർ സർക്കാരിനെതിരെ രംഗത്തെത്തി.  ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ആത്മഹത്യാശ്രമത്തിനുപിന്നാലെ പൊട്ടിക്കരഞ്ഞ ഉദ്യോഗാർത്ഥികൂടിയായ ലയയുടെ ചിത്രം സമരത്തിനെത്തിയവരുടെ  കണ്ണുനനയിക്കുന്ന രംഗമായിരുന്നു.

ചിത്രം പങ്കുെവച്ച് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി. ഇനിയൊരു ഉദ്യോഗാർത്ഥിയുടെയും കണ്ണീര് ഇവിടെ വീഴരുതെന്ന് അദ്ദേഹം ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പി.എസ്.സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്‍കി നിയമിക്കാനാണ് അവരുടെ താല്‍പര്യം. ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാർക്ക് സർവകലാശാല ജോലി നല്‍കാനും- പ്രതിപക്ഷ നേതാവ് കുറിച്ചു.

അതേസമയം തങ്ങളില്‍ ഒരാള്‍ മരിച്ചാലെങ്കിലും ബാക്കിയുള്ളവര്‍ക്ക് ജോലി കിട്ടട്ടെ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. കേരളത്തില്‍ എവിടെയെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി  സര്‍ക്കാര്‍ ആയിരിക്കുമെന്നും അവർ പറയുന്നു. സര്‍ക്കാരിനുള്ള സൂചനയാണിതെന്നും ഇതില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍  തയ്യാറായില്ലെങ്കില്‍ സമരരീതിയുടെ ഗതി മാറും എന്നും ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment