സമരം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ; മുഖ്യമന്ത്രിയോ മന്ത്രിമാരോ ചര്‍ച്ച നടത്തണമെന്ന് ആവശ്യം ; യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരവും തുടരുന്നു

 

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിനു മുന്നിലെ സമരം തുടരാനുറച്ച് ഉദ്യോഗാര്‍ത്ഥികള്‍. സര്‍ക്കാര്‍ അനകൂല നിലപാട് സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രിയോ മന്ത്രിമാരോ ചര്‍ച്ച നടത്തണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി പറഞ്ഞ നിയമന കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും  മന്ത്രിസഭ സൃഷ്ടിച്ച 3051 ഒഴിവില്‍ 27 എണ്ണം മാത്രമേ ലാസ്റ്റ് ഗ്രേഡിന് ലഭിക്കൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അതിനാല്‍ ലിസ്റ്റ് നീട്ടുക, അധികജോലി സമയമുള്ള വകുപ്പുകളില്‍ ജോലി സമയം കുറച്ച് അധിക തസ്തിക സൃഷ്ടിക്കുക, താല്‍കാലികക്കാരുടെ സ്ഥാനത്ത് നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ച് നില്‍ക്കുകയാണ്.

ഉദ്യോഗാർത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാരസമരവും സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. ഇതുവരെയുള്ള നിയമനം റദ്ദാക്കണമെന്ന് നിരാഹരസമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്.ശബരീനാഥനും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ യുവജനസംഘടനകളുടെ തീരുമാനം.  കെ.എസ്.യു ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

Comments (0)
Add Comment