പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ കൂടുതല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തല്‍. കേസിലെ അഞ്ചാം പ്രതി ബി സഫീര്‍ പൊലീസ് റാങ്ക് ലിസ്റ്റിന് പുറമെ അഗ്നിശമനസേനാ ലിസ്റ്റിലും ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നു. അതിനിടെ, പി.എസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേടില്‍ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് സംഘം പൂജപ്പുര ജയിലിലെത്തി ചോദ്യം ചെയ്തു.
വിവാദമായ പി എസ് സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിലെ അഞ്ചാം പ്രതി ബി സഫീര്‍ അഗ്നിശമന സേനയുടെ ഫയര്മാന് ലിസ്റ്റിലും ഉള്‍പ്പെട്ടതായ തെളിവുകളാണ് പുറത്തുവന്നത്. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആദ്യറാങ്കില്‍ ഇടം നേടിയ ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തയാളാണ് സഫീര്‍. ഇയാള്‍ ഒളിവിലാണ്. ഇതിനിടെയാണ് കൂടുതല്‍ റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. അതേസമയം, പി എസ് സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പൂജപ്പുര ജയിലിലെത്തി ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്.എം.എസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും കണ്ടെത്തേണ്ടതുണ്. ഇതടക്കം പ്രതികളോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്