‘ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനം’:കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Wednesday, May 7, 2025

സൈന്യത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സൈന്യത്തില്‍ അഭിമാനമുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു.

ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തന്റെ ഓദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വയനാട് എം.പി പ്രിയങ്ക ഗാന്ധിയും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സൈനികരോടുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു. ‘നമ്മുടെ സൈന്യത്തെക്കുറിച്ച് ്‌വളരെയധികം അഭിമാനമുണ്ട്. ധീരരായ സൈനികര്‍ നമ്മുടെ സ്വാതന്ത്ര്യവും സമഗ്രതയും കാത്തുസൂക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും ക്ഷമയോടും ധൈര്യത്തോടും കൂടി വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് അപാരമായ ധൈര്യം നല്‍കുകയും ചെയ്യട്ടെ’ എന്ന് പ്രിയങ്ക പോസ്റ്റില്‍ കുറിച്ചു.

പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ എല്ലാ ഭീകരവാദ സ്രോതസ്സുകളെയും പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നത് ഇന്ത്യയുടെ അചഞ്ചലമായ നയമായിരിക്കണമെന്ന് എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയറാം രമേശ് എം.പി. ഇത് ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനും വേണ്ടിയുള്ള സമയമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരായ ദേശീയ നടപടിയില്‍ ഗവണ്‍മെന്റിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി നമ്മുടെ സായുധ സേനയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്‌കൃത ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്നും നമ്മുടെ സായുധ സേനയെക്കുറിച്ച് ശരിക്കും അഭിമാനമുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശക്തമായി തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സേനയില്‍ അഭിമാനം കൊള്ളുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് ഇന്ത്യന്‍ സൈന്യത്തിനെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാന്‍ വെല്ലുവിളി ഉയര്‍ത്തിയത്. രാജ്യ സ്‌നേഹമുള്ളവര്‍ ഇന്ത്യന്‍ സേനയ്‌ക്കൊപ്പം നില്‍ക്കുമെന്നും പാകിസ്ഥാന്‍ അക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കിയെന്നും ഇത് ഐക്യത്തിന്റെ സമയമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സൈന്യത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി സൈന്യം നടത്തിയ തിരിച്ചടി സ്വാഗതാര്‍ഹമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ MP. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് അതിശക്തമായ മറുപടി നല്‍കി. സൈനിക ദൗത്യത്തിന് പ്രതീകാത്മകമായ ഉചിതമായ പേര് നല്‍കാനായി. പാകിസ്താനിനെതിരായ ആക്രമണമല്ല, ഭീകരര്‍ക്ക് എതിരായ നടപടിയാണ്. ഇന്ത്യയുടെ സമീപനം സ്വാഗതാര്‍ഹമാണ്. പാകിസ്താനില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായാല്‍ രാജ്യം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സൈനിക നടപടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും തിരിച്ചടി ഉണ്ടാകാതിരിക്കുവാനുള്ള ജാഗ്രത പുലര്‍ത്തണമെന്നും ശശി തരൂര്‍ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു.