Exclusive : സിപിഎം ഭരിക്കുന്ന ചേലക്കര ഗ്രാമ പഞ്ചായത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത ക്വാറി

തൃശൂരില്‍ സിപിഎം ഭരിക്കുന്ന ചേലക്കര ഗ്രാമ പഞ്ചായത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത ക്വാറിയുടെ പ്രവര്‍ത്തനം. നാട്ട്യന്‍ചിറയിലെ ദിവ്യ മെറ്റല്‍ ഇന്‍ഡസ്ട്രീസാണ് പരിസ്ഥിതി ലോലപ്രദേശത്ത് നിയമവിരുദ്ധമായി ഖനനം നടത്തുന്നത്.  നിരന്തരം സമരം നടത്തിയിട്ടും  അധികാരികളുടെ  ഭാഗത്ത് നിന്നും ക്വാറിക്കെതിരെ യാതൊരു നടപടിയുണ്ടായില്ലെന്നും ആരോപണം. ജയ്‌ഹിന്ദ്‌ ന്യൂസ്‌  എക്സ്ക്ലൂസീവ്.

തൃശ്ശൂര്‍ ജില്ലയില്‍ ചേലക്കര പഞ്ചായത്തിലെ നാട്ട്യന്‍ചിറയിലെ അനധികൃത കോറിയുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് “ചേലക്കര നാട്യൻചിറയിൽ പ്രവർത്തിച്ചിരുന്ന ക്വാറിയ്ക്ക് നിലവിൽ പെർമിറ്റില്ല” എന്നാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജയ്ഹിന്ദ് വാര്‍ത്താസംഘം നടത്തിയ അന്വേഷണത്തിൽ കണ്ടത് ക്വാറി സജീവമായി പ്രവർത്തിക്കുന്നതാണ്.

പകലൊന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് നാട്ട്യന്‍ചിറയിലെ ദിവ്യ മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ഇവിടെ ഖനനം നടക്കുന്നത്. ഏന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു

ഉഗ്രശേഷിയുള്ള സ്ഫോടനം കാരണം പല സമയത്തും സമീപത്തെ വീടുകള്‍ക്ക് മുകളില്‍ പാറക്കല്ലുകള്‍ വീഴുന്നത് നിത്യേനയുള്ള സംഭവമാണ്. ഈ ക്വാറിക്കെതിരെ സമരം ചെയ്യുന്നവരെ കള്ളകേസുകളില്‍ ഉള്‍പ്പെടുത്തുന്നതാണ് ഇവരുടെ പതിവ്. പരിസ്ഥിതി ലോല പ്രദേശത്താണ് അനുമതിയില്ലാതെ ഇത്തരത്തിലൊരു ക്വാറി പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടൽ നടന്ന പ്രദേശമാണിത്. സിപിഎം ഭരിക്കുന്ന ചേലക്കര പഞ്ചായത്തിലാണ് ഇത്തരത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തി ഒരു ലംഘനം നടക്കുന്നത്

 

https://www.youtube.com/watch?v=TfgYetL_Bx4&feature=youtu.be

Comments (0)
Add Comment