കണ്ണൂർ: റെയില്‍വേ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഏഴ് ഏക്കറിലധികം ഭൂമിയാണ് 45 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. റെയിൽവേ സ്റ്റേഷനോട് ചേർന്ന ഏക്കറ് കണക്കിന് ഭൂമി കൈമാറിയതോടെ കണ്ണൂരിൽ റെയിൽവേ വികസനം വഴിമുട്ടും. ഭൂമി കൈമാറ്റവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി വ്യക്തമാക്കി.
24.63 കോടി രൂപയ്ക്ക് ടെക്സ്‌വർത്ത് ഇന്‍റർനാഷണൽ എന്ന കമ്പനിയാണ് 45 വർഷത്തേക്ക് റെയിൽവേ ഭൂമി പാട്ടത്തിനെടുത്തത്. ഒന്നാം പ്ലാറ്റ്ഫോമിന് സമീപത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിംഗ് സമുച്ചയം ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായും കിഴക്കുവശത്തെ 2.26 ഏക്കർ ഭൂമി റെയിൽവേ കോളനി നിർമ്മാണത്തിനായുമാണ് കൈമാറിയത്. റെയിൽവേ ലാൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി വഴിയാണ് 7 ദശാശം 19 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറിയത്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെ കണ്ണൂരിന്‍റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകും. നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് സാധ്യത മങ്ങി. റെയില്‍വെ ഭൂമി കെെമാറ്റം പൂര്‍ത്തിയാകുന്നതോടെ പുതിയ പ്ലാറ്റ്ഫോം നിര്‍മ്മാണം സാധ്യമാകാതെ വരും. കൂടുതൽ പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ഒരുക്കുന്നതിനും സ്ഥലലഭ്യത തടസമാകും. നഗര റോഡ് വികസനത്തിനും റെയിൽവേ ഭൂമി കൈമാറ്റം തടസമായേക്കും. റയിൽവേ വികസനം തടസമാകുന്ന രീതിയിലാണ് ഭൂമി കൈമാറ്റം നടന്നിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
റെയില്‍വെ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കാന്‍ ഏകപക്ഷീയമാണ് തീരുമാനം എടുത്തതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു. ഭൂമി കെെമാറ്റവുമായി മുന്നോട്ട് പോകാനാണ് റെയില്‍വേയുടെ തീരുമാനമെങ്കില്‍ അതിനെ കണ്ണൂരിലെ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. ഭൂമി കെെമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തെ സമീപിക്കും. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.