എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യുവിനായി അനധികൃത സ്മാരകം; പ്രതിഷേധം ശക്തം

Jaihind Webdesk
Saturday, June 29, 2019

എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യുവിനായി അനധികൃത സ്മാരകം നിർമ്മിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥികളിൽ നിന്ന് പിരിവെടുത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. എന്നാൽ ക്യാമ്പസിനുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു.

മഹാരാജാസ് കോളേജ് കാമ്പസിൽ രണ്ടാഴ്ച മുൻപാണ് അഭിമന്യുവിന്‍റെ സ്മാരക സ്തൂപത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും എസ്.എഫ്.ഐ നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു അനധികൃത നിർമ്മാണത്തിനെതിരെ പരാതി അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ സ്തൂപത്തിനു ചുറ്റും തുണി കെട്ടിമറച്ച് നിർമാണം നിർബാധം തുടരുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

അതേ സമയം ക്യാമ്പസിനുള്ളിൽ നടക്കുന്ന നിർമ്മാണത്തിന് കോളജിന്‍റെ ഭാഗത്ത് നിന്നും അനുമതി നൽകിയിട്ടില്ലെന്നാണ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. കോളേജിൽ അഭിമന്യു സ്മാരക സ്തൂപം പണിയാൻ സംഘടനാപരമായി തീരുമാനമെടുത്തിട്ടില്ലെന്നാണ് എസ്.എഫ്.ഐ യുടെ അവകാശവാദം. സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം പൊളിച്ച് നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.