കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു : ഇന്ധന വില വർദ്ധനക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

Jaihind Webdesk
Wednesday, March 23, 2022

ന്യൂഡൽഹി : ഇന്ധന വില വർദ്ധനക്കെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ് രംഗത്ത്.  കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പാർലമെന്‍റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് എംപിമാരായ മല്ലികാർജുൻ ഖർഗെ, അധീർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ എന്നിവർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു കേന്ദ്രം. വില വർധനയിലൂടെ 10,000 കോടി രൂപയാണു കേന്ദ്രം തട്ടിയെടുക്കുന്നത്. റഷ്യ – യുക്രെയ്ൻ സംഘർഷം മൂലമാണു വില വർധിപ്പിച്ചതെന്ന വാദം ശരിയല്ല. രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിലിന്‍റെ ഒരു ശതമാനം പോലും റഷ്യയിൽ നിന്നു വാങ്ങുന്നില്ലെന്നു പെട്രോളിയം മന്ത്രാലയ രേഖകൾ പറയുന്നു. സമ്പദ്ഘടനയെ തകിടം മറിച്ച കേന്ദ്രം, ഇപ്പോൾ പണം കണ്ടെത്താൻ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണെന്നും എംപിമാർ ആരോപിച്ചു.

അതേസമയം ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിപക്ഷ പ്രതിഷേധം രണ്ട് തവണ രാജ്യസഭ നിർത്തിവക്കാന്‍ ഇടയാക്കി. ലോക്സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി. നാലര മാസത്തിനുശേഷമുള്ള വില വർധന സംബന്ധിച്ച് ചർച്ചയാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളായ മനീഷ് തിവാരി, മാണിക്കം ടഗോർ തുടങ്ങിയവരും രാജ്യസഭയിൽ കോൺഗ്രസ് അംഗം ശക്തിസിങ് ഗോഹിൽ സിപിഎം അംഗങ്ങളായ വി.ശിവദാസൻ, എളമരം കരീം, ജോൺ ബ്രിട്ടാസ്,  എന്നിവർ നോട്ടിസ് നൽകി. ലോക്സഭയിൽ ചോദ്യോത്തര വേള കഴിഞ്ഞ് പ്രശ്നം ഉന്നയിക്കാൻ സ്പീക്കർ അവസരം നൽകി.

തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഇന്ധനവില കൂട്ടുമെന്നു പ്രതിപക്ഷം പറഞ്ഞത് അക്ഷരം പ്രതി ശരിയായെന്നു കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. ബിജെപി ബെഞ്ചുകൾ പ്രതിപക്ഷത്തിനെതിരെ എഴുന്നേറ്റപ്പോൾ കോൺഗ്രസ്, ടിഎംസി, എൻസിപി, ഡിഎംകെ, ഇടത് അംഗങ്ങൾ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് അവർ ഇറങ്ങിപ്പോയി.

രാജ്യസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തര വേള നടത്താനാവാത്ത വിധം ബഹളമായപ്പോൾ 2 തവണ സഭ നിർത്തിവച്ചു.