മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാർച്ചുകള്‍ക്ക് നേരെ പോലീസ് നരനായാട്ട്

Jaihind Webdesk
Thursday, June 9, 2022

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ വിവിധ മാർച്ചുകള്‍ക്ക് നേരെ പോലീസ് നരനായാട്ട് നടത്തി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും കോഴിക്കോട്, കൊല്ലം, എറണാകുളം കളക്ടറേറ്റുകളിലേക്കും നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചുകൾക്ക് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. പ്രകോപനം കൂടാതെയാണ് പലയിടത്തും മാർച്ചിനുനേരെ പോലീസ് അക്രമം അഴിച്ചുവിട്ടത്. പോലീസ് നരനായാട്ടില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി പദം രാജിവെക്കാൻ പിണറായി വിജയൻ തയാറാകണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ടിറ്റോ ആന്‍റണി, ഷാൻ മുഹമ്മദ്, അനസ് ആലുവ, തുടങ്ങിയവർ സംസാരിച്ചു.

വരും ദിവസങ്ങളിലും ശക്തമായ സമരത്തിനാണ് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ കളക്ടറേറ്റുകളിലേക്ക് കോൺഗ്രസും മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മൊഴിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചതായും സ്വപ്ന പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂർ ജാമ്യ ഹർജിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.