മാഹി വളപട്ടണം ജലപാത : ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കടമ്പൂർ പഞ്ചായത്തിൽപ്രതിഷേധം ശക്തം

Jaihind Webdesk
Thursday, December 13, 2018

Kadambur-strike

മാഹി വളപട്ടണം ജലപാതക്കായി കണ്ണൂരിലെ കടമ്പൂർ പഞ്ചായത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദേശീയ ഉൾനാടൻ ജലഗതാഗത വികസനത്തിനായാണ് കൃത്രിമ ജലപാതക്കായി ഭൂമി ഏറ്റെടുക്കുന്നത്. വയലുകളും, ചതുപ്പ് നിലങ്ങളും, നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ജലപാത നിർമ്മിക്കാനായി ഏറ്റെടുക്കുന്നുവെന്നതാണ് നാട്ടുകാരുടെ ആക്ഷേപം.

ദേശീയ ഉൾനാടൻ ജലഗതാഗത വികസനത്തിനായി മാഹി വളപട്ടണം ജലപാതക്കായി കണ്ണൂരിലെ കടമ്പൂർ പഞ്ചായത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള സർവ്വെ പ്രവർത്തനം ആരംഭിച്ചതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. കൃത്രിമ ജലപാത നിർമിക്കാനായി അറുപത് മുതൽ എൺപത് മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. പുതിയ സർവ്വെ അനുസരിച്ച് പഞ്ചായത്ത് അതിർത്തിയായ മമ്മാക്കുന്ന് മുതൽ പനോന്നേരി വരെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് ആരംഭിച്ചിരിക്കുന്നത്.ഇതിൽ വയലും, ചതുപ്പ് നിലങ്ങളും, നിരവധി വീടുകളും ഉൾപ്പെടുന്നു.

കൃത്രിമ ജലപാത നിർമ്മിക്കുന്നത് കൃഷി നാശത്തിന് കാരണമാകുമെന്നും അതോടൊപ്പം ജലപാത പുഴയുമായി ബന്ധിക്കുന്നതോടെ ലവണാശം കൂടിയ ജലം പദ്ധതി പ്രദേശത്ത് എത്തുമെന്നും ആളുകൾക്ക് ആശങ്കയുണ്ട്. ഗ്രാമത്തിന്റെ ശുദ്ധജല സ്രോതസ്സിനെ ഇത് ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ആദ്യഘട്ടം ജില്ലാ കലക്ടർക്ക് ഭീമ ഹർജി നൽകി. തുടർന്ന് വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. നൂറു കണക്കിന് ആളുകളാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. സി.ആർ നീലകണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ കൃത്രിമ ജലപാതയ്‌ക്കെതിരെ ബഹുജന പങ്കാളിത്തത്തോടെ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ആക്ഷൻ കമ്മറ്റി.