കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ കണ്ണൂർ മുഴപ്പിലങ്ങാട് ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കാൻ ശ്രമം. മുഴപ്പിലങ്ങാട് കടമ്പൂർ പഞ്ചായത്ത് അതിർത്തിയിലാണ് റവന്യൂ ഉദ്യോഗസ്ഥർ ഭൂമി ഏറ്റെടുക്കാനായി എത്തിയത്.30 ഓളം ഉദ്യോഗസ്ഥരും 20 ഓളം പൊലീസുകാരുമാണ് വീട് ഉൾപ്പെടുന്ന ഭൂമി അളന്ന് ഏറ്റെടുക്കാൻ എത്തിയത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാനായില്ല.
മാഹി കണ്ണൂർ ബൈപ്പാസിന്റെ നിർമ്മാണത്തിനായി മുഴപ്പിലങ്ങാട് – കടമ്പൂർ പഞ്ചായത്ത് അതിർത്തിയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനായി ഉദ്യോഗസ്ഥർ എത്തിയത്. തഹസിൽദാർ ഉൾപ്പടെ മുപ്പതോളം റവന്യു ഉദ്യോഗസ്ഥരാണ് വീട് ഉൾപ്പടെയുള്ള ഭൂമി അളന്ന് ഏറ്റെടുക്കാനായി എത്തിയത്. സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപകമായതിനെ തുടർന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൂർണമായും കണ്ടെയിൻമെന്റ് സോണായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കടമ്പൂർ പഞ്ചായത്ത് അതിർത്തിയിൽ നിന്ന് മുഴപ്പിലങ്ങാട് ഭാഗത്തേക്ക് ഭൂമി അളക്കായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. നാട്ടുകാരുടെ എതിർപ്പ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ദ്രുതകർമ സേനാംഗങ്ങളുമായാണ് റവന്യു ഉദ്യോഗസ്ഥർ ഭൂമി അളന്ന് എറ്റെടുക്കാൻ ശ്രമം നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാർ രംഗത്ത് വരികയായിരുന്നു.
പൊലീസിനെ ഉപയോഗിച്ച് ആളുകളെ നീക്കം ചെയ്ത് ഭൂമി ഏറ്റെടുക്കാൻ ശ്രമം ഉണ്ടായെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.