മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ്; കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ പ്രതികാരം

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന്‍ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ശംഖുമുഖം പോലീസ് സ്റ്റേഷനില്‍ ശബരീനാഥനെ വിളിപ്പിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസില്‍ പ്രതിസന്ധിയിലായ മുഖ്യമന്ത്രിയും സര്‍ക്കാരും വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായുള്ള പ്രതികാര നടപടിയാണിതെന്ന് നേതാക്കള്‍ പ്രതികരിച്ചു.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ നാടകീയമായി ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഗവണ്‍മെന്‍റ് പ്ലീഡർ കോടതിയെ അറിയിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സമയം കോടതി ചോദിച്ചു. ഇത് ഹാജരാക്കാന്‍ കുറച്ച് സമയവും കോടതി അനുവദിച്ചു. കേസ് അല്‍പ്പസമയത്തിനകം വീണ്ടും കോടതി പരിഗണിക്കും. വാട്ട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് ശബരീനാഥിനെ ചോദ്യംചെയ്യലിനായി പോലീസ് വിളിപ്പിച്ചത്.

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസ് എടുത്തത്. തലശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.