ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് പരാതി

ഇടുക്കി ജില്ലയിലെ കരിമണ്ണൂർ മേഖലയിലെ ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ആദിവാസി കർഷക സംരക്ഷണ സമിതി ഭൂപതിവ് ഓഫീസിന് മുന്നിൽ കൂട്ടസത്യഗ്രഹം സംഘടിപ്പിച്ചു.

ഉടുമ്പന്നൂർ, അറക്കുളം, വെള്ളിയാമറ്റം വില്ലേജുകളിൽ താമസിക്കുന്ന ആദിവാസികളുടെ കൈവശ ഭൂമിക്ക് മാത്രമാണ് പട്ടയം നൽകാത്തതെന്നാണ് ആരോപണം. ആദിവാസികൾ വിൽപ്പന നടത്തി മറ്റ് വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിക്ക് ഇപ്പോൾ പട്ടയം നൽകുന്നുണ്ട്. ആദിവാസകളുടെ ഭൂമിക്ക് മാത്രം പട്ടയം നൽകാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണ്. ചെറിയ വിലയ്ക്ക് ഭൂമി കൈവശപ്പെടുത്താൻ ഭൂ മാഫിയ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തുന്ന നാടകമാണിതെന്ന് ആദിവാസികൾ ആരോപിക്കുന്നു.

1993ലെ വനഭൂമി ക്രമീകരിക്കൽ നിയമപ്രകാരം പട്ടയം അനുവദിക്കണമെങ്കിൽ വനം-റവന്യു വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്നാണ് ചട്ടമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര ഉത്തരവുകളുടെ അടിസ്ഥാനത്തിലെ ഇത് നടത്താനാകൂ. സംയുക്ത പരിശോധന പൂർത്തിയാക്കിയ ഉത്തരവുമായി എത്തിയാൽ പട്ടയം നൽകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

സർക്കാർ നൽകിയ കൈവശ രേഖ കൈയ്യിലുണ്ടെന്നും, ജോയിന്‍റ് വേരിഫിക്കേഷൻ പൂർത്തിയാക്കിയെന്നും ആദിവാസികളുടെ സെറ്റില്‍മെന്‍റ് ഭൂമിയിൽ പട്ടയം അനുവദിക്കാനുള്ള സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെന്നും ആദിവാസികൾ ചൂണ്ടിക്കാണിക്കുന്നു. നിയമത്തിലെ നൂലമാലകൾ എടുത്തുകാണിച്ച് പട്ടയം അനുവദിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആദിവാസികൾ ആവശ്യപ്പെടുന്നു.

 

https://youtu.be/mHty8GtZRPI

Comments (0)
Add Comment