ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവകലാശാല യുജിസി ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ ഗവർണർ വിശദീകരണം ചോദിച്ചു. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർക്ക് കത്ത് നൽകി.
സർവീസിൽ നിന്ന് വിരമിച്ച കോളേജ് അധ്യാപകർക്കുകൂടി പ്രൊഫസർ പദവി അനുവദിക്കാൻ യു ജി സി ചട്ടം ലംഘിച്ചെന്ന സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്. സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്ന് യുജിസി വ്യവസ്ഥ ചെയ്തിട്ടുണ്ട്. യുജിസി റെഗുലേഷൻ ഭേദഗതികൾ കൂടാതെ അതേപടി നടപ്പാക്കികൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് പ്രൊഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ചിരിക്കുമ്പോഴാണ് വിരമിച്ചവർക്ക് കാലിക്കറ്റ് സിൻഡിക്കേറ്റ്-പ്രൊഫസർ പദവി അനുവദിച്ചത്.
മന്ത്രി ആർ ബിന്ദു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരിക്കവെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഔദ്യോഗിക പദവിയിൽ നിന്നും സ്വയം വിരമിച്ചിരുന്നു. മന്ത്രിക്ക് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി ലഭിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ ആരോപണം. ബിന്ദു പ്രൊഫസർ എന്ന പേരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതിനെ തുടർന്ന് മന്ത്രിയുടെ പേരിനൊപ്പമുള്ള പ്രൊഫസർ പദവി സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ നേരത്തെ നീക്കം ചെയ്തിരുന്നു. യുജിസി ചട്ടങ്ങൾ ലംഘിക്കാൻ സംസ്ഥാന സർക്കാറിനോ സർവകലാശാലയ്‌ക്കോ അധികാരമില്ല. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ഗവർണർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകിയിട്ടുള്ളത്.