വികസന വിരുദ്ധ സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണം ; തൃശൂരില്‍ ആവേശ പൂരമൊരുക്കി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണം

Jaihind Webdesk
Wednesday, March 31, 2021

 

തൃശൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവുമായി തൃശൂർ ജില്ലയിലെ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് സമാപനമായി. പിണറായി സർക്കാർ കോർപ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും വികസന വിരുദ്ധരായ കേരള സർക്കാരിനെ കൊണ്ട് ഈ തെരഞ്ഞെടുപ്പിൽ മറുപടി പറയിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

 

 

തൃശൂർ തെക്കേ ഗോപുര നടയിൽ ആവേശ പൂരം ഒരുക്കിയാണ് യുഡിഎഫ് പ്രവർത്തകർ പ്രിയങ്കാ ഗാന്ധിയെ സ്വീകരിച്ചത്. മോദി കേരളത്തിൽ വന്ന് ബൈബിൾ ഉദ്ധരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് പ്രിയങ്ക പറഞ്ഞു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ കടന്നാക്രമിച്ച പ്രിയങ്ക കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ മോദി മൗനം പാലിച്ചുവെന്നും ചൂണ്ടിക്കാട്ടി. സിപിഎമ്മിന്‍റെ അഞ്ച് വർഷത്തെ ഭരണം വഞ്ചനയും ചതിയും നിറഞ്ഞതാണെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളാണ് യഥാർത്ഥ സ്വർണ്ണം എന്നുപറഞ്ഞ പ്രിയങ്കാ ഗാന്ധി സംസ്ഥാന സർക്കാരിന് വിദേശത്ത് നിന്ന് സ്വർണം കടത്താനാണെന്നും പരിഹസിച്ചു.

 

 

രാഹുൽ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്‍റെ പ്രസ്താവന കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ അധിക്ഷേപിക്കുന്നതാണ്. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പ്രസ്താവന പിൻവലിക്കേണ്ടി വന്നതെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ, അനിൽ അക്കര, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, സി.സി ശ്രീകുമാർ, കെ. ജയശങ്കർ എന്നിവർ വേദി പങ്കിട്ടു.